KSDLIVENEWS

Real news for everyone

കാത്തിരിപ്പിന് വിരാമമില്ല: യാത്രക്കാർക്ക് ദുരിത യാത്ര സമ്മാനിച്ച് കറന്തക്കാട്-റെയില്‍വേ സ്റ്റേഷന്‍ റോഡ്; അധികൃതർക്ക് കുലുക്കമില്ല

SHARE THIS ON

കാസര്‍കോട്: ഇനിയും എത്ര നാള്‍ കാത്തിരിക്കണം ഈ റോഡൊന്ന്് നന്നാവാന്‍ എന്നാണ് യാത്രക്കാരും വാഹന ഡ്രൈവര്‍മാരും ചോദിക്കുന്നത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാനപാതയായ കറന്തക്കാട്- റെയില്‍വേ സ്റ്റേഷന്‍ റോഡ് തകര്‍ന്ന് ആഴത്തിലുള്ള കുഴി രൂപപ്പെട്ട് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. റോഡ് നന്നാക്കാനുള്ള തിടുക്കം പദ്ധതി തുടങ്ങിവെച്ച പൊതുമരാമത്ത് വകുപ്പിനോ നഗരസഭയ്ക്കോ ഇല്ല. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്കും തിരിച്ച് പുതിയ സ്റ്റാന്‍ഡിലേക്കും മംഗളൂരു ഭാഗത്തേക്കും റെയില്‍വേ സ്റ്റേഷനിലേക്കും ഉള്‍പ്പെടെ വിവിധ ഇടങ്ങളിലേക്കുള്ള പ്രധാന പാതയാണ് യാത്രക്കാരുടെ പേടി സ്വപ്നമായി മാറിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റോപ്പ് മുതല്‍ കറന്തക്കാട് ദേശീയ പാത എത്തുന്നതുവരെയുള്ള യാത്ര ആളുകളുടെ നടുവൊടിക്കും. ആഴത്തിലുള്ള കുഴികള്‍ താണ്ടി താണ്ടി ഏറെ സമയമെടുത്താണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്കാണ് റോഡ് ഏറെ ദുരിത യാത്ര സമ്മാനിക്കുന്നത്. മഴ മാറിയതോടെ കനത്ത പൊടിശല്യമാണ് ഇവിടെ. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ളവര്‍ പൊടി ശല്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്.

കഴിഞ്ഞ മെയിലാണ് പൊതുമരാമത്ത് വകുപ്പ് കറന്തക്കാട്-റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണം ആരംഭിച്ചത്. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ച് ഒന്നാം ലെയര്‍ ടാറിംഗ് നടത്തിവരുമ്പോള്‍ മഴ തുടങ്ങി. ഇതോടെ അറ്റകുറ്റപ്പണികള്‍ പാതിവഴിയിലായി. കനത്ത മഴ പെയ്തതോടെ ടാറിംഗ് ഇളകി പലയിടങ്ങളിലും റോഡ് ഒലിച്ച് പോയി ചാലുകള്‍ രൂപപ്പെട്ടു. പിന്നാലെ വലിയ കുഴികളും. റോഡില്‍ അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അറ്റകുറ്റപ്പണിക്ക് മുമ്പുണ്ടായിരുന്ന റോഡിനേക്കാള്‍ പരിതാപകരമായി മാറിയിരിക്കുകയാണ് പുതിയ റോഡ്. റോഡില്‍ മിക്കയിടങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയാണെന്നിരിക്കെ വൈകുന്നേരങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് കറന്തക്കാട് മുതല്‍ തായലങ്ങാടി വരെ അനുഭവപ്പെടുന്നത്. ഗതാഗത കുരുക്കില്‍പ്പെട്ട് പലര്‍ക്കും സ്റ്റേഷനിലെത്താനാവാതെ ട്രെയിന്‍ കിട്ടാതാവുന്നതും പതിവായി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴിയും ഇതേ റൂട്ടിലായതിനാല്‍ കര്‍ണാടക, കേരള ആര്‍.ടി.സി.കള്‍ ഈ റോഡിലൂടെയാണ് കടന്നുപോകേണ്ടത് . മഴ പൂര്‍ണമായും മാറിയാല്‍ മാത്രമേ ഇനി നിര്‍മാണപ്രവൃത്തികള്‍ പുനരാരംഭിക്കാനാവൂ. അതുവരെ യാത്രക്കാര്‍ നിലവിലെ ദുരിതപാത താണ്ടേണ്ടി വരും. കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ തുടങ്ങാന്‍ വൈകിയതാണ് പ്രധാന കാരണം. ജനുവരിയില്‍ തുടങ്ങേണ്ടിയിരുന്ന പ്രവൃത്തി നാല് മാസം കഴിഞ്ഞാണ് തുടങ്ങിയത്.

കറന്തക്കാട്- റെയില്‍വേ സ്റ്റേഷന്‍ റോഡ് അറ്റകുറ്റപ്പണി നവംബര്‍ 15നുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്ന പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ച ചെയ്തിരുന്നു. മഴയും വെയിലും മാറി മാറി വരുന്നതാണ് ടാറിംഗ് തുടങ്ങാന്‍ വൈകുന്നതെന്നും നിലവില്‍ റോഡിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന്ും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!