യുഎഇയില്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ ഭയമില്ലാതെ നടക്കാം: ശൈഖ് മുഹമ്മദ്

ദുബായ്: രാത്രിയില്‍ സ്ത്രീകള്‍ക്ക് ഭയമില്ലാതെ നടക്കാന്‍ കഴിയുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗാലപ്പിന്റെ 2021 ലെ ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാത്രിയില്‍ സുരക്ഷിതമായി സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് യുഎഇ ഇടംനേടിയിരിക്കുന്നത്.
രാത്രിയില്‍ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്ന് രാജ്യത്തെ 95 ശതമാനം നിവാസികളും അഭിപ്രായപ്പെട്ടുവെന്നാണ് സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്. രാത്രിയില്‍ താമസക്കാര്‍ക്ക് സുരക്ഷിതമായി ഒറ്റയ്ക്ക് നടക്കാം. സുരക്ഷ ഒരു അനുഗ്രഹമാണെന്നും സുരക്ഷിതത്വം എന്നാല്‍ ശാന്തതയും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതവുമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക്, പകലോ രാത്രി വൈകിയോ ഭയമില്ലാതെ നടക്കാന്‍ കഴിയുമെന്ന് നിങ്ങളോട് പറഞ്ഞാല്‍, അവള് യുഎഇയിലാണെന്ന് നിങ്ങള്‍ അറിയണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന് സുരക്ഷയും സമാധനവും നല്കി ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

