KSDLIVENEWS

Real news for everyone

ലോകകപ്പ് ഫൈനലിന് പ്രധാനമന്ത്രി മോദിയും; നാളെ ‘നരേന്ദ്ര മോദി സ്റ്റേഡിയ’ത്തിന്റെ ആകാശത്ത് വ്യോമാഭ്യാസ പ്രകടനം

SHARE THIS ON

അഹമ്മദാബാദ്∙ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഇക്കാര്യം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ ‘നരേന്ദ്ര മോദി സ്റ്റേഡിയ’ത്തിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് ഫൈനൽ മത്സരം. ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാൽസും മത്സരം കാണാനെത്തും.  ഇവർക്കൊപ്പം കേന്ദ്രമന്ത്രിമാരും പല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഭൂപേന്ദ്ര പട്ടേൽ എക്സ്‌ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഫൈനലിൽ എത്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കഠിനാധ്വാനം ചെയ്തെന്നും അവർ കളിക്കുന്ന അവസരത്തിൽ സന്നിഹിതനാകുക തന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടെന്നുമാണ് കേന്ദ്രസർക്കാരിനോട് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  മത്സരത്തിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ ഏയ്റോബിക് സംഘത്തിന്റെ വ്യോമാഭ്യാസവും സ്റ്റേഡിയത്തിനു മുകളിൽ ഉണ്ടാകും. 2011ലെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പോയിരുന്നു. അന്ന് പാക്ക് പ്രധാനമന്ത്രിയായിരുന്ന റാസ ഗിലാനിയും എത്തിയിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്. 1983ലും 2011ലും ഇന്ത്യ ലോകകപ്പ് നേടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!