ഞങ്ങള്‍ എത്ര പരിശോധിച്ചിട്ടും ബസിന്റെ ആഡംബരമെന്താണെന്ന് മനസിലായില്ല-വിവാദത്തിന് മറുപടിയുമായി പിണറായി

മഞ്ചേശ്വരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ ഒരുക്കിയ ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായി ബസിൽ കയറിയ തങ്ങൾക്ക്, എത്ര പരിശോധിച്ചിട്ടും ബസിന്റെ ആഡംബരമെന്താണെന്ന് മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞു. പൈവളിഗെയിലെ നവകേരള സദസ്സ് കഴിഞ്ഞ് തിരിച്ചുപോവുമ്പോൾ മാധ്യമപ്രവർത്തകർക്കും ബസിലെ സൗകര്യങ്ങളെക്കുറിച്ച് പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളും ആദ്യമായാണ് ബസിൽ കാസർകോടുനിന്ന് കയറിയത്. ബസിന്റെ ആഡംബരമെന്താണെന്ന് ഞങ്ങൾ എത്ര പരിശോധിച്ചിട്ടും മനസിലായില്ല. ഏതായാലും ഞങ്ങളുടെ പരിശോധനമാത്രംകൊണ്ട് അത് അവസാനിപ്പിക്കേണ്ടതില്ല’, മുഖ്യമന്ത്രി പറഞ്ഞു. ‘പരിപാടിക്ക് ശേഷം ഇവിടുന്ന് അതേ ബസിലാണ് തിരിച്ച് കാസർകോടേക്ക് പോവുക. മാധ്യമപ്രവർത്തകരോട് അഭ്യർഥനയുള്ളത്, ഞങ്ങൾ എല്ലാവരും കയറി ഇരുന്നതിന് ശേഷം നിങ്ങളും ആ ബസിലൊന്ന് കയറണം. നമ്മൾ എപ്പോഴും ലോഹ്യത്തിലാണല്ലോ? നിങ്ങൾ എന്ത് കൊടുത്താലും നിങ്ങളുമായി നല്ല ബന്ധമാണല്ലോ ഞങ്ങൾ പുലർത്തിപ്പോരുന്നത്. നിങ്ങൾക്ക് അവിടെ വന്ന് അകമാകെ പരിശോധിക്കാം. എത്രത്തോളമാണ് ആർഭാട സൗകര്യമാണ് ഉള്ളതെന്ന്. അതിന് നിങ്ങളെയാകെ സാക്ഷിനിർത്തി മാധ്യമപ്രവർത്തകരെ ക്ഷണിക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.

