കെ.എം.സി.സിയുടെ സഹായഹസ്തം; ഉംറ നിര്‍വഹിച്ച ആത്മനിര്‍വൃതിയില്‍ 100 പേര്‍ നാട്ടിലേക്ക് മടങ്ങി

റിയാദ്: കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യാ ഘടകം ഒരുക്കിയ സൗജന്യ ഉംറ നിര്‍വ്വഹിക്കാനെത്തിയ തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങി.
കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള നിര്‍ധനരായ 100 പേരാണ് ഉംറ നിര്‍വഹിച്ച് ആത്മനിര്‍വൃതിയില്‍ നാട്ടിലേക്ക് മടങ്ങിയത്. മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കെ.എം.സി.സി ഉംറ സേവനമൊരുക്കിയത്.
ജീവിതത്തിന്റെ സായംസന്ധ്യയില്‍ മറക്കാനാകാത്ത ഓര്‍മകളും ആത്മീയ അനുഭൂതിയും പകര്‍ന്ന സംഘടനാ പ്രവര്‍ത്തകരെ നേരില്‍ കാണാൻ ആ നൂറ് പേരും ദമ്മാമിലെത്തി. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ഘടകം ഒരുക്കിയ സൗജന്യ ഉംറ പദ്ധതിയില്‍ സൗദിയിലെത്തിയവരാണ് ഒടുവില്‍ തങ്ങളുടെ ജീവിതാഭിലാഷം പൂവണിയിച്ച സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ടുമുട്ടിയത്. കൈകള്‍ ചുംബിച്ചും പരസ്പരം കെട്ടിപിടിച്ചും അവര്‍ സ്നേഹവും സന്തോഷവും പങ്കിട്ടു.
മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഇഹ്ത്തിഫാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെ.എം.സി.സി ദമ്മാം റീജിയണല്‍ കമ്മിറ്റി സൗജന്യ ഉംറ ഒരുക്കിയത്. 14 ജില്ലകളില്‍ നിന്നുള്ള നിര്‍ധനരായ നൂറു പേരാണ് പദ്ധതി വഴി ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങിയത്. തീര്‍ഥാടകരുടെ യാത്രയയപ്പ് സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നിര്‍വഹിച്ചു. ഉംറ നിര്‍വഹിച്ച് ദമ്മാമിലെത്തിയ തീര്‍ഥാടകര്‍ക്ക് കെ.എം.സി.സി വളണ്ടിയര്‍മാര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.എഫ്.യു.പി.എം പ്രൊഫസര്‍ സാദിഖ് സൈദ് മുഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ.എം.സി.സി ഭാരവാഹികളായ അബ്ദുല്‍ മജീദ് കൊടുവള്ളി, മുഹമ്മദ് കുട്ടി കോഡൂര്‍, ഹമീദ് വടകര, അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, ഒ.പി ഹബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

