KSDLIVENEWS

Real news for everyone

പ്രവാസി സാഹിത്യോത്സവിന് കൊടിയിറങ്ങി; കിരീട മൊഞ്ചോടെ എയർപോർട്ട് സോണും എം.ഇ.എസ് സ്കൂളും; 80 ഇനങ്ങളിലായി 500ഓളം കലാപ്രതിഭകൾ മാറ്റുരച്ചു

SHARE THIS ON

ദോഹ: മാപ്പിളപ്പാട്ടും ഖവാലിയും, പ്രസംഗവും കവിതയും ദഫ് മുട്ടുകളുമായി കലാവിരുന്നിനാൽ സമ്പന്നമായ ഒരു പകൽ സമ്മാനിച്ച് ആർ.എസ്.സി സാഹിത്യോത്സവത്തിന് കൊടിയിറങ്ങി.

മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ വിവിധ സോണുകളായി തിരിച്ച പ്രവാസി കലാകാരന്മാർ പോരടിച്ച മത്സരങ്ങൾക്കൊടുവിൽ ജനറൽ വിഭാഗത്തിൽ എയർപോർട്ട് സോണും കാമ്പസ് വിഭാഗത്തില എം.ഇ.എസ് ഇന്ത്യൻ സ്കൂളും ജേതാക്കളായി.

340 പോയന്റാണ് എയർപോർട്ട് സോൺ സ്വന്തമാക്കിയത്. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ 126 പോയന്റും നേടി. 290 പോയന്റോടെ അസീസിയ്യ സോൺ രണ്ടാം സ്ഥാനവും 275 പോയന്റുകൾ കരസ്ഥമാക്കി നോർത്ത് സോൺ മൂന്നാം സ്ഥാനവും നേടി.

കാമ്പസ് വിഭാഗത്തിൽ നോബ്ൾ ഇന്റർനാഷനൽ സ്കൂൾ, രാജഗിരി പബ്ലിക് സ്കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എയർപോർട്ട് സോണിലെ അഷ്കർ ബിൻ ഷബീർ കലാപ്രതിഭയും അസീസിയ്യ സോണിലെ അശ്കർ സഖാഫി സർഗപ്രതിഭയുമായി.രിസാല സ്റ്റഡി സർക്കിളിന്റെ സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ ഖത്തറിലെ വിവിധ ഘടകങ്ങളിൽനിന്ന് മത്സരിച്ചെത്തിയ പ്രതിഭകളാണ് ദേശീയ തലത്തിൽ മാറ്റുരച്ചത്.

കാമ്പസ് വിഭാഗത്തിൽ വിന്നേഴ്സ് ട്രോഫി ഏറ്റുവാങ്ങുന്ന എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം
കാമ്പസ് വിഭാഗത്തിൽ ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളുകളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ‘ജീവിതം തേടിച്ചെന്ന വേരുകൾ’ എന്ന പ്രമേയത്തിൽ നടന്ന ദേശീയ സാഹിത്യോത്സവിന്റെ വിവിധ ഘട്ടങ്ങളിൽ സാഹിത്യ ചർച്ചകൾ, സാംസ്കാരിക സഭ, രചനാ മത്സരങ്ങൾ, സന്ദേശ പ്രഭാഷണങ്ങൾ, തനത് മാപ്പിള കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറി

.ഐ.സി.എഫ് ദേശീയ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആർ.എസ്.സി ഖത്തർ നാഷനൽ ചെയർമാൻ ഉബൈദ് വയനാട് അധ്യക്ഷത വഹിച്ചു.

സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ആശീർവാദ പ്രഭാഷണം നടത്തി. ഐ.സി.സി സെക്രട്ടറി അബ്രഹാം കെ. ജോസഫ് ആശംസ നേർന്നു.

സ്വാഗതസംഘം ചെയർമാൻ റഹ്മത്തുല്ല സഖാഫി, കൺവീനർ ഉമർ കുണ്ടുതോട്, ഹബീബ് മാട്ടൂൽ (ആർ.എസ്.സി ഗ്ലോബൽ), മൊയ്തീൻ ഇരിങ്ങല്ലൂർ, ശകീറലി ബുഖാരി, ഷംസീർ അരിക്കുളം (സംസ്കൃതി), റഊഫ് കൊണ്ടോട്ടി (ലോക കേരളസഭ) എന്നിവർ സംബന്ധിച്ചു. ആർ.എസ്.സി നാഷനൽ ജനറൽ സെക്രട്ടറി ഹാരിസ് പുലാശ്ശേരി സ്വാഗതവും കലാലയം സെക്രട്ടറി ശംസുദ്ദീൻ മാസ്റ്റർ പുളിക്കൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!