ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി,
ഇനി ഉത്സവ സീസണുകളിലായി ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ഷോപ്പിങ് മാമാങ്കം

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി.എമിറേറ്റിലുടനീളമുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളെ പങ്കാളികളാക്കി ദുബൈ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഷോപ്പിങ് ഉത്സവമാണ് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആര്.ഇ) നടത്തുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍.
പതിവിനു വിപരീതമായി ഇക്കുറി ഇത്തിരി നേരത്തേ തന്നെ വിരുന്നെത്തിയ ഷോപ്പിങ് മാമാങ്കത്തിന് ഇന്നലെയാണ് തുടക്കമായത്. ക്രിസ്മസ്, പുതുവത്സര നാളുകളിലും ഇരട്ടി ആഘോഷങ്ങള്‍ക്ക് വഴിതുറക്കുന്ന ഡി.എസ്.എഫ് 2021 ജനുവരി 30 വരെ തുടരും. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി കോവിഡ് വിമുക്തമെന്ന ദുബൈ അഷ്വേഡ് മുദ്ര നല്‍കിയാണ് ഇത്തവണത്തെ ഡി.എസ്.എഫ്. സമാനതകളില്ലാത്ത ഷോപ്പിങ് ഉത്സവം ഇത്തവണയും നടത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ഡി.എഫ്.ആര്.ഇ സി.ഇ.ഒ അഹമ്മദ് അല്‍ ഖാജാ വ്യക്തമാക്കി. മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വിനോദ പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും നടക്കും. പുതു വത്സരത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളുണ്ടാവും.

