10 വയസുകാരിയുടെ ആഗ്രഹം സാക്ഷാത്കരിച്ച് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍.

ഷാർജ : തന്റെ ജന്മാനാടിന്റെ സർവോതുന്മുഖ വികസനത്തിന് ഷാർജ ഭരണാധികാരിക്ക് നന്ദി അറിയിക്കണമെന്ന് പത്ത് വയസുകാരി റയാൻ മുഹമ്മദ് യൂസഫ് അൽ ബൌരിക്ക് ആഗ്രഹം . അതിനായി അവൾ ഒരു വീഡിയോ സന്ദേശം തയ്യാറാക്കി . തന്റെ ആശംസകൾ അതിൽ റെക്കോർഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു . എന്നെങ്കിലും തന്റെ ആശംസകൾ പ്രിയ ഭരണാധികാരിയുടെ കൈകളിലെത്തുമെന്ന് റയാൻ കൊതിച്ചു . എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി . നിരവധിതവണ ഷെയർ ചെയ്യപ്പെട്ട് അവസാനം അത് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ശൈഖ് ഡോ . സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കൈകളിലുമെത്തി . സന്ദേശം കണ്ട ഭരണാധികാരി റയാനെ നേരിട്ട് കാണാൻ ക്ഷണിച്ചു . ഒടുവിൽ ശൈഖ് സുൽത്താനെ നേരിട്ട് കണ്ട റയാൻ , ഷാർജയിൽ അദ്ദേഹം നടപ്പാക്കുന്ന നിരവധി പദ്ധതികൾക്ക് അദ്ദേഹത്തോട് നന്ദി അറിയിച്ചു . ചെറിയ കുട്ടിയായത് കൊണ്ടുതന്നെ തനിക്ക് ഭരണാധികാരിയെ നേരിട്ട് കാണാൻ കഴിയുമെന്ന് കരുതിയില്ലെന്നും എന്നാൽ വീഡിയോ എന്നെങ്കിലും താങ്കളുടെ കൈകളിലെത്തണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെ ഷാർജയേയും അതിന്റെ ഭരണാധികാരിയേയും താൻ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് അറിയിക്കണമെന്നും ആഗ്രഹിച്ചിരുന്നതായി റയാൻ പറഞ്ഞു . ഭരണാധികാരിക്ക് ഒപ്പമിരുന്ന് റയാൻ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ യുഎഇയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . ശൈഖ് ഖലീഫ ഒപ്പുവെച്ച സർട്ടിഫിക്കറ്റും അവൾക്ക് സമ്മാനിച്ചു .

