സംഘി ചാൻസലര്‍ ക്വിറ്റ് കേരള’; ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന് മുന്നില്‍ ബാനര്‍ കെട്ടിയും കോലം കത്തിച്ചും ഡിവൈഎഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും പ്രതിഷേധം. രാജ്ഭവന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.
രാജ്ഭവനിലേക്ക് പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാനര്‍ കെട്ടുകയും കോലം കത്തിക്കുകയും ചെയ്താണ് പ്രതിഷേധിച്ചത്.
പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഗവര്‍ണറുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. പൊലീസ് തടഞ്ഞതോടെ മുദ്രാവാക്യം വിളിച്ച് കോലം കത്തിക്കുകയായിരുന്നു. ‘സംഘി ചാൻസലര്‍ ക്വിറ്റ് കേരള’ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രകടനം. ഈ ബാനര്‍ രാജ്ഭവന് 300 മീറ്റര്‍ അകലെ മുകളില്‍ കെട്ടുകയും ചെയ്തു.
ഗവര്‍ണര്‍ കടന്നുപോകുമ്ബോള്‍ കാണുന്ന വിധത്തലാണ് ബാനര്‍ കെട്ടിയിരിക്കുന്നത്. കഴിഞ്ഞദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ കെട്ടിയ ബാനര്‍ പൊലീസിനെ കൊണ്ട് ഗവര്‍ണര്‍ അഴിപ്പിച്ചിരുന്നു. ഇന്ന് സെമിനാറിനെത്തിയ ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്സിറ്റിയില്‍ വലിയ പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്.
ഇതിനു പിന്നാലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് രാത്രിയോടെ ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വൈകീട്ട് അഞ്ചരയോടെ കോഴിക്കോട് നിന്നും മടങ്ങിയ ഗവര്‍ണര്‍ നേരെ ബംഗളൂരുവിലേക്കാണ് പോയത്. അവിടെ നിന്ന് ഇന്ന് തന്നെ മടങ്ങുന്ന ഗവര്‍ണര്‍ രാത്രി പത്ത് മണിയോടെ തിരുവനന്തപുരത്തെത്തും. ഇതോടെ, കോഴിക്കോടിന് സമാനമായ പ്രതിഷേധം തിരുവനന്തപുരത്തും ഇന്നും നാളെയുമായി ഉണ്ടായേക്കുമെന്നാണ് സൂചന.

