KSDLIVENEWS

Real news for everyone

എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ച് ആര്‍.എസ്‌.എസ്സുകാര്‍ക്ക് അറസ്റ്റ് വാറന്റ്

SHARE THIS ON

കൊച്ചി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനിനെ വെട്ടിക്കൊന്ന കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ അഞ്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരേ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

രണ്ടാം പ്രതി കോമളപുരം തൈവേലി വീട്ടില്‍ വിഷ്ണു, മൂന്നാം പ്രതി മാരാരിക്കുളം സൗത്ത് കടുവെട്ടിയില്‍ വീട്ടില്‍ അഭിമന്യു, നാലാം പ്രതി പൊന്നാട് കുന്നുമ്മേല്‍വേലി വീട്ടില്‍ സനന്ദ്, അഞ്ചാം പ്രതി കോമളപുരം ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ അതുല്‍, ആറാം പ്രതി സൗത്ത് ആര്യാട് കിഴക്കേവേലിയകത്ത് വീട്ടില്‍ ധനേഷ് എന്നിവര്‍ക്കെതിരെയാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി-3 എസ് അജിത്കുമാര്‍ ജാമ്യമില്ലാ വാറന്റ് ഇറക്കിയത്.

ഡിസംബര്‍ 11നാണ് ഈ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നത്. എന്നാല്‍, ഉത്തരവിറങ്ങി ഇത്രയും ദിവസമായിട്ടും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ പോലിസോ അധികൃതരോ തയ്യാറായില്ല. തുടര്‍ന്ന് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ പി പി ഹാരിസ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

ഈ പ്രതികള്‍ ബീഭല്‍സമായ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ജാമ്യം റദ്ദാക്കിയ വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2021 ഡിസംബര്‍ 18നു വൈകുന്നേരം ഏഴരയോടെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചാണ് കെ എസ് ഷാനെ ആര്‍എസ്‌എസ്-ബിജെപി സംഘം ആക്രമിച്ചത്. ഷാനിനെ കൊല്ലാന്‍ ആയുധങ്ങളുമായി കാത്തുനിന്ന ഈ പ്രതികള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിടിച്ച്‌ വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!