ഉന്നത വിദ്യാഭ്യാസ ബിൽ: കേന്ദ്രത്തിന് പൂർണാധികാരം; ആശങ്കയോടെ കേരളം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം കേന്ദ്രീകൃത സ്വഭാവത്തിലാക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിൽ ആശങ്കയോടെ കേരളം. കേന്ദ്രനയങ്ങൾ നിർബന്ധമായി നടപ്പാക്കണമെന്നും തർക്കമുണ്ടായാൽ കേന്ദ്രതീരുമാനം അന്തിമമായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥ. ദേശീയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിന്റെ ചുവടുപിടിച്ചുള്ള ബിൽ വിദ്യാഭ്യാസമേഖലയിൽ കേന്ദ്രത്തിന് പൂർണാധികാരം ഉറപ്പാക്കും. യുജിസി ഗ്രാന്റ് ഉൾപ്പെടെ ഇല്ലാതാക്കിയതോടെ എല്ലാ ഫണ്ടും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം വഴി മാത്രമേ ലഭിക്കൂ.
നിലവിൽ രാഷ്ട്രീയവും നയപരവുമായ വിയോജിപ്പിൽ കേരളം എൻഇപി നടപ്പാക്കിയിട്ടില്ല. പുതിയ ബിൽ നടപ്പാകുന്നതോടെ ഈ മാറിനിൽക്കൽ തുടരാനാകില്ല.
നിലവിൽ സർവകലാശാലകൾക്കാണ് ബിരുദദാനത്തിനുള്ള അധികാരം. എന്നാൽ, പുതിയ നിയമമനുസരിച്ച് സർവകലാശാലകളെക്കൂടാതെ, അധികാരപ്പെടുത്തുന്ന ഏതൊരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിനും ബിരുദദാനത്തിന് സ്വാതന്ത്ര്യമുണ്ടാവും. ഇതോടെ, കോളേജുകളിൽ സർക്കാരിന്റെയും സർവകലാശാലകളുടെയും നിയന്ത്രണം ഇല്ലാതാവും.
അഫിലിയേഷൻ ഇല്ലാതാവും
അക്രെഡിറ്റേഷൻ നേടി കോളേജുകളെല്ലാം സ്വയംഭരണത്തിലേക്ക് മാറണമെന്നാണ് നിർദേശം. ഇതോടെ, പുതിയ അക്രെഡിറ്റേഷൻ, സ്വയംഭരണ വ്യവസ്ഥ പാലിക്കാൻ ശേഷിയില്ലാത്ത ചെറുകിട-സ്വാശ്രയ കോളേജുകളെല്ലാം പൂട്ടേണ്ടിവരും. കോളേജുകൾ സ്വയംഭരണം നേടിയാൽ, ഇപ്പോൾ സർവകലാശാലകളിലുള്ള അഫിലിയേഷൻ രീതിയും ഇല്ലാതാവും.
അക്രെഡിറ്റേഷനില്ലാത്ത സ്ഥാപനങ്ങൾക്ക് ബിരുദം നൽകാനുള്ള അധികാരവും ഓൺലൈൻ, വിദൂര കോഴ്സുകൾക്കുള്ള അനുമതിയും നഷ്ടമാവും.
നിയമലംഘനത്തിന് പത്തുലക്ഷത്തിൽ കുറയാത്ത പിഴയാണ് ശിക്ഷ. രണ്ടാമതും ലംഘിച്ചാൽ 33 ലക്ഷം രൂപ, തുടർച്ചയായ ലംഘനത്തിന് 75 ലക്ഷം രൂപ എന്നിങ്ങനെ പിഴയീടാക്കും.
ചെറുക്കുമെന്ന് മന്ത്രി ആർ. ബിന്ദു
‘‘ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണ് ബിൽ. സിലബലസിലടക്കം കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടാനുള്ള അവസരമുണ്ട്. കമ്മിഷന്റെ നിർദേശം അനുസരിക്കാത്ത സ്ഥാപനങ്ങളെ അടച്ചുപൂട്ടാൻവരെ ബിൽ അധികാരം നൽകുന്നു. ബില്ലിനെതിരേ പ്രതിപക്ഷ സംസ്ഥാനങ്ങൾക്കൊപ്പം ചേർന്നു പ്രതിഷേധമുയർത്താൻ മുൻകൈയെടുക്കും.

