അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കരുണാകരനെ സിപിഎം കളിയാക്കി; സ്വര്‍ണം കട്ടവരെ കളിയാക്കരുതെന്നാണോ? : വി ഡി സതീശൻ

തിരുവനന്തപുരം: അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കെ.കരുണാകരനെ സിപിഎം കളിയാക്കിയിട്ടുണ്ടെന്നും ഇപ്പോൾ ശബരിമലയിലെ സ്വര്‍ണം കട്ടവരെ കളിയാക്കരുതെന്നാണോ നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാരഡി ഗാനം പാടിയവര്‍ക്കും എഴുതിയവര്‍ക്കും ട്യൂണ്‍ ചെയ്തവര്‍ക്കും എതിരെ കേസെടുക്കുമെന്നാണ് പറയുന്നത്. പാരഡി ഗാനം പാടുന്നത് കേരളത്തില്‍ ആദ്യമായാണോ? അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് കെ.കരുണാകരന് സ്പീഡില്‍ പോകുന്നതിനെ കളിയാക്കി സിപിഎമ്മും പാരഡി ഗാനം ഇറക്കിയിട്ടുണ്ട്. സ്വര്‍ണം കട്ടവരെക്കുറിച്ച് പാരഡി പാടില്ലെന്നാണോ? ഇത് എവിടുത്തെ വാദമാണെന്നും സതീശൻ ചോദിച്ചു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാനത്തുടനീളം വ്യാപക അക്രമമാണ് സിപിഎം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരിലും പാനൂരിലും കൈബോംബുകളും വടിവാളുകളുമായി സിപിഎം അക്രമി സംഘം അഴിഞ്ഞാടുകയാണ്. പൊലീസ് നോക്കി നില്ക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ ബോംബ് ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎമ്മുകാരന്റെ കൈപ്പത്തി ഇല്ലാതായി. പടക്കം പൊട്ടിത്തെറിച്ചെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാരന് എതിരാളികളെ കൊല്ലാന്‍ ബോംബ് നിര്‍മിക്കുമ്പോള്‍ പൊലീസ് അതിന് കൂട്ടുനില്‍ക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് യോഗ്യനല്ല. ക്രിമിനലുകളെ പൊലീസിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം. പരസ്യമായാണ് വടിവാളുകളുമായി ആളുകളെ ആക്രമിക്കുന്നതും വെല്ലുവിളിക്കുന്നതും. ഈ അക്രമികള്‍ മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമകള്‍ തകര്‍ക്കുകയാണ്. എത്ര ഹീനമായാണ് സിപിഎം തിരഞ്ഞെടുപ്പ് തോല്‍വിയിലുള്ള പ്രതികാരം ചെയ്യുന്നത്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കും.

