എസ്.ഐ.ആർ ഫോം നൽകാനുള്ള അവസാനദിവസം ഇന്ന്: കരട് വോട്ടർപട്ടിക 23ന്; 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ല

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം വ്യാഴാഴ്ചതീരും. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. കരട് വോട്ടർപട്ടിക 23-ന് പ്രസിദ്ധീകരിക്കും.
25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ല. രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുമായിച്ചേർന്ന് ഇവരെ കണ്ടെത്താൻ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കിൽ കരട് പട്ടികയിൽ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് പട്ടികയിൽ ഉണ്ടാകും.
സമയപരിധി നീട്ടണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതിയിൽ വ്യാഴാഴ്ച വരുന്നുണ്ട്. വ്യാഴാഴ്ച ബിഎൽഎമാർക്ക് അപേക്ഷകൾ ഒരുമിച്ചുനൽകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ബിഎൽഎ ഒരുദിവസം അമ്പതിൽക്കൂടുതൽ അപേക്ഷ ബിഎൽഒക്ക് നൽകാൻ പാടില്ല. കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം പ്രതിദിനം 10 ആക്കി ചുരുക്കും.
സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണമടഞ്ഞവർ എന്നിവരുടെ പട്ടിക(എഎസ്ഡി) പരിശോധനയ്ക്ക് ബിഎൽഒമാർ ഇതിനകം ബിഎൽഎമാർക്ക് നൽകിയിട്ടുണ്ട്. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം, ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫീസർമാരുടെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാക്കും. ഇതു പരിശോധിച്ച് പേര് ഉൾപ്പെടുത്താത്തതിന്റെ കാരണങ്ങൾ ബോധ്യപ്പെടാം. പരാതികളും ആക്ഷേപങ്ങളും ഡിസംബർ 23 മുതൽ ജനുവരി 22 വരെ നൽകാം. ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്തവരെ ഇആർഒമാർ ഹിയറിങ്ങിന് വിളിക്കും.

