ശബരിമലയിലെ സ്വർണക്കൊള്ള പശ്ചാത്തലമാക്കിയുള്ള
പോറ്റിയേ കേറ്റിയേ…
കേസെടുത്തത് ചോദ്യം ചെയ്ത് സി.പി.ഐ സംഘടന

മലപ്പുറം: ശബരിമലയിലെ സ്വർണക്കൊള്ള പശ്ചാത്തലമാക്കിയുള്ള ‘പോറ്റിയേ കേറ്റിയേ ….’ എന്ന പാരഡിപ്പാട്ടിനെതിരായ നിയമനടപടിക്കെതിരേ സിപിഐ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ജാതിയോ, മതമോ, കക്ഷിരാഷ്ട്രീയ ഭേദമോ ഇല്ലെന്നും തിരഞ്ഞെടുപ്പ് പാട്ടിന്റെ പേരിൽ രചയിതാക്കളുടെ പേരിൽ കേസെടുത്തത് ജനാധിപത്യപരമല്ലെന്നും യുവകലാസാഹിതി അഭിപ്രായപ്പെട്ടു. ഇത്തരം പാട്ടുകൾ എല്ലാ മുന്നണികളും ഇറക്കാറുണ്ട്. അതിനപ്പുറത്തുള്ള ഗൗരവം അതിനുകാണേണ്ടതില്ല. പാട്ടിന്റെ അർത്ഥത്തെക്കുറിച്ചുനൽകുന്ന വ്യാഖ്യാനങ്ങൾ വർഗീയവാദികൾ ദുരുപയോഗം ചെയ്യാൻ സാധ്യയുണ്ടെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ഒ.കെ. മുരളീകൃഷ്ണനും വ്യക്തമാക്കി. പാലക്കാട്ടെ ജലചൂഷണം, സ്വകാര്യ സർവകലാശാലകൾ, അന്തവിശ്വാസ നിർമാർജ്ജന നിയമം എന്നീ വിഷയങ്ങളിലും ഇടതു സർക്കാറിന്റെ നിലപാടിനെതിരേ യുവകലാസാഹിതി രംഗത്തുവന്നിരുന്നു.
പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി
ഇതിനിടെ പാട്ടിനെതിരെ പരാതി നൽകിയ ആൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ ശ്രദ്ധ നേടിയ ‘പോറ്റിയേ കേറ്റിയേ’പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയ്‌ക്കെതിരെയാണ് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. അഡ്വ. കുളത്തൂർ ജയ്സിങ് എന്നയാളാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പ്രസാദ് കുഴിക്കാലയുടെ സംഘടനയെകുറിച്ച് അന്വേഷിക്കണമെന്നതാണ് പരാതിക്കാരന്റെ പ്രധാന ആവശ്യം. പരാതി നൽകിയ സമിതിയുടെ അംഗീകാരം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

