ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി; പുരസ്‌കാരം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു

മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കില്‍ നിന്നും രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ഒമാന്‍’ (ഫസ്റ്റ് ക്ലാസ്) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ് ഈ പുരസ്‌കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ബഹുമതി നല്‍കി ആദരിച്ച സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിനും ഒമാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഈ ചരിത്ര മുഹൂര്‍ത്തം ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറ്റാണ്ടുകളായി ഇന്ത്യയും ഒമാനും തമ്മിലുള്ള സമുദ്രവ്യാപാര ബന്ധം നിലനില്‍ക്കുന്നുണ്ട്. അറേബ്യന്‍ കടല്‍ ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തമായ പാലമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു .ഗുജറാത്തിലെ മാണ്ഡ്വിയില്‍ നിന്ന് മസ്‌കറ്റിലേക്ക് യാത്ര ചെയ്ത് ഈ ഉഭയകക്ഷി ബന്ധത്തിന് അടിത്തറയിട്ട നമ്മുടെ പൂര്‍വ്വികര്‍ക്കായി ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു. നൂറ്റാണ്ടുകളായി സമുദ്രയാത്രകളിലൂടെയും വ്യാപാരത്തിലൂടെയും ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി വിയര്‍പ്പൊഴുക്കിയ നാവികരെയും ഈ അവസരത്തില്‍ പ്രധാനമന്ത്രി സ്മരിച്ചു.ഇന്ത്യയും ഒമാനും തമ്മിലുള്ള ഊഷ്മളമായ ബന്ധം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകുമെന്നും വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു

