KSDLIVENEWS

Real news for everyone

ചിത്രയും ശോഭനയും രാജ്യത്തിന്റെ പൊതുസ്വത്ത്; ഒറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല- എം.വി ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന ഗായിക കെ.എസ്. ചിത്രയ്ക്ക് പിന്തുണയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗായിക ചിത്ര നാടിന്റെ പൊതുസ്വത്താണെന്നും അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. നടി ശോഭന ബി.ജെ.പി. പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സ്വീകരിച്ച അതേ നിലപാടാണ് ചിത്രയുടെ കാര്യത്തിലുമുള്ളതെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി.

To advertise here, Contact Us
”അടുത്തിടെ നമ്മുടെ നാട്ടില്‍ ചില വിവാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. നമ്മുടെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട, നമ്മളെല്ലാം ഏറെ ഇഷ്ടപ്പെടുന്ന പ്രതിഭയായ ചിത്ര സ്വീകരിച്ച ചില നിലപാടുകളുമായി ബന്ധപ്പെട്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ അതിന്റെ പേരില്‍ ആകെ ചിത്രയ്ക്കെതിരായി നീങ്ങുന്നതില്‍ സിപിഎമ്മിന് യോജിപ്പില്ല.

മുന്‍പ് ശോഭന ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നുവന്നപ്പോഴും ഞാന്‍ നിലപാട് വ്യക്തമായിത്തന്നെ പറഞ്ഞതാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നര്‍ത്തകിയും നടിയുമെല്ലാമാണ് ശോഭന. ഇവരെല്ലാം തന്നെ ഈ നാടിന്റെ പൊതുസ്വത്താണ്. അവരെ ഏതെങ്കിലും കള്ളിയിലാക്കി അങ്ങോട്ടും ഇങ്ങോട്ടും മാറ്റേണ്ടതില്ല. അവരുടെ നിലപാടിനെക്കുറിച്ച് വിമര്‍ശനാത്മകമായി സംസാരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.


മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാരംഗത്തെ അതികായരല്ലേ? സാഹിത്യരംഗം എടുത്താല്‍ ടി. പത്മനാഭന്‍, ഇപ്പോള്‍ നമ്മളെല്ലാം ഏറെ സംസാരിക്കുന്ന വളരെ പ്രമുഖനായ എം.ടി., എം. മുകുന്ദന്‍. ഇവരെയെല്ലാം നമ്മള്‍ ഏതെങ്കിലും നിലപാടിന്റെയോ പദപ്രയോഗത്തിന്റെയോ പേരില്‍ തള്ളിപ്പറയേണ്ട കാര്യമില്ല. അവരെല്ലാം നമ്മുടെ നാടിന്റെ, രാജ്യത്തിന്റെ ഒരു സ്വത്താണെന്ന രീതിയില്‍ത്തന്നെ കാണണം.

ചിത്രയുടെ വിഷയത്തിലും പാര്‍ട്ടിയുടെ നിലപാട് അതു തന്നെയാണ്. എന്തെങ്കിലും കാര്യങ്ങള്‍ വിമര്‍ശനാത്മകമായി ഉണ്ടെങ്കില്‍ ആ വിമര്‍ശനം നടത്തുന്നതിനോട് ഞങ്ങളാരും എതിരല്ല. പക്ഷേ, അതിലുപരി ഇവരെയെല്ലാം രാജ്യത്തെ പ്രമുഖ പ്രതിഭകളായിട്ടാണ് കാണേണ്ടത്” – ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!