KSDLIVENEWS

Real news for everyone

കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി

SHARE THIS ON

കണ്ണൂർ: കേരള മനസാക്ഷിയെ ഒന്നടങ്കം നടുക്കിയ തയ്യിൽ ഒന്നരവയസ്സുകാരൻ വിയാനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കേസിൽ ശരണ്യയുടെ ആൺസുഹൃത്തായ രണ്ടാം പ്രതി നിധിനെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ശരണ്യ കുറ്റക്കാരിയെന്ന് വിധിച്ചത്.

നിധിനെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇത് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് വിധിയിൽ പറയുന്നു. എന്നാൽ ശരണ്യയ്‌ക്കെതിരെ ശക്തമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായി. കടൽ തീരത്തെ ഉപ്പുവെള്ളത്തിന്റെ അംശം പറ്റിയ വസ്ത്രങ്ങളും ചെരിപ്പുമടക്കമുള്ള തെളിവുകൾ ഹാജരാക്കി. കുഞ്ഞിന് മുലപ്പാൽ നൽകി മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

കേസിൽ പ്രതിയാക്കപ്പെട്ടെങ്കിലും തനിക്കിതിൽ പങ്കില്ലെന്ന് നിധിൻ വാദിച്ചിരുന്നു. ശരണ്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്നും ശരണ്യയ്ക്ക് മറ്റൊരാളുമായും ബന്ധമുണ്ടെന്നും നിധിൻ വാദിച്ചിരുന്നു. നാർക്കോ അനാലിസിസിന് ഉൾപ്പെടെ വിധേയനാകാൻ തയ്യാറാണെന്ന് നിധിൻ അറിയിച്ചിരുന്നു. അതേസമയം നിധിനുമായി 20 ലധികം തവണ ശരണ്യ ഫോൺ വിളിച്ചിരുന്നുവെന്നത് അടക്കമാണ് തെളിവുകളായി പ്രോസിക്യൂഷൻ ഹാജരാക്കിയത്. മാത്രമല്ല കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.

2020 ഫെബ്രുവരി 17-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തന്റെ ആൺസുഹൃത്തായ നിധിനൊപ്പം ജീവിക്കുന്നതിന് തടസ്സമായ ഒന്നരവയസ്സുകാരൻ മകനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരണ്യ ഈ ക്രൂരകൃത്യം ചെയ്തത്. ഭർത്താവായ പ്രണവുമായി അകൽച്ചയിലായിരുന്ന ശരണ്യ, കൊലപാതകത്തിന് ശേഷം കുറ്റം പ്രണവിന്റെ മേൽ അടിച്ചേൽപ്പിക്കാനും ഇതിലൂടെ ഭർത്താവിനെയും കുഞ്ഞിനെയും ഒരേപോലെ ഒഴിവാക്കി കാമുകനൊപ്പം കഴിയാനുമാണ് പദ്ധതിയിട്ടതെന്നുമാണ് കേസ്.

പുലർച്ചെ കുഞ്ഞുമായി കടൽതീരത്തെത്തിയ ശരണ്യ ആദ്യം കുട്ടിയെ വലിച്ചെറിഞ്ഞു. എന്നാൽ കുഞ്ഞ് മരിക്കാതെ കരഞ്ഞുകൊണ്ട് അടുത്തേക്ക് വന്നപ്പോൾ, വീണ്ടും കുഞ്ഞിനെ എടുത്ത് കടൽഭിത്തിയിലേക്ക് ആഞ്ഞു എറിഞ്ഞ് മരണം ഉറപ്പാക്കി. അതിനുശേഷം വീട്ടിലെത്തി ഒന്നുമറിയാത്ത രീതിയിൽ ഉറങ്ങാൻ കിടന്ന ശരണ്യ, രാവിലെ എഴുന്നേറ്റ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയും തിരയുന്നതായി അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീട് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത തെളിവെടുപ്പിനെത്തിച്ചപ്പോൾ വൈകാരികമായ പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ നിന്നുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!