KSDLIVENEWS

Real news for everyone

കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട് കൊള്ളയടിച്ചു: 29 പവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷത്തിന്റെ വെള്ളിയും 5000 രൂപയും നഷ്ടപ്പെട്ടു

SHARE THIS ON

കാസർകോട്: കുമ്പള നായ്ക്കാപ്പിൽ അഭിഭാഷകയുടെ വീട് കൊള്ളയടിച്ചു. വീടിൻ്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ചിരുന്ന 29 പവൻ സ്വർണ്ണം കാൽലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങൾ, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. നെക്ലേസ്, വളകൾ, മോതിരങ്ങൾ, ബ്രേസ്‌ലെറ്റ്, വലിയ മാല, കമ്മൽ, കുട്ടികളുടെ മാല, കുട്ടികളുടെ സ്വർണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

ഞായറാഴ്‌ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവം. കാസർകോട് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്‌ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോൾ വീട്ടിനകത്തു ലൈറ്റുകൾ കത്തി നിൽക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങൾ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്. വീടിൻ്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി. തിങ്കളാഴ്‌ച ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. ചൈത്രയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!