KSDLIVENEWS

Real news for everyone

നിരക്ക് വര്‍ധിപ്പിച്ചതോടെ വെട്ടിലായി കമ്പനികള്‍; ജിയോ വിട്ടുപോയത് 1.2 കോടി ഉപഭോക്താക്കള്‍

SHARE THIS ON

മൊബൈല്‍ നിരക്കുകള്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചതോടെ സര്‍വീസ് ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ഡിസംബറിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്നത് ബിഎസ്‌എന്‍എല്ലും എയര്‍ടെലും മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്ബനികളും താഴോട്ടു പോയി. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള റിലയന്‍സ് ജിയോക്ക് 31 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 1.2 കോടി വരിക്കാരെയാണ്. വോഡഫോണ്‍ ഐഡിയക്ക് 16.14 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയ്ക്ക് ഇതിനു മുന്‍പ് സെപ്റ്റംബറിലാണ് വന്‍ തിരിച്ചടി നേരിട്ടത്. പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയ്ക്ക് നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു അത്. എന്നാല്‍, ഒക്ടോബറില്‍ വന്‍ തിരിച്ചുവരവാണ് ജിയോ നടത്തിയത്. ഇതേ മുന്നേറ്റം നവംബറിലും പ്രകടമായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോര്‍ട്ട് പ്രകാരം ഡിസംബറില്‍ ജിയോയ്ക്ക് 1.29 കോടി വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു.

എന്നാല്‍, ജിയോയുടെ എതിരാളികളായ ഭാരതി എയര്‍ടെലിന് ഡിസംബറില്‍ 4.75 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.57 കോടിയായി. വന്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുടെ 16.14 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.55 കോടിയുമായി. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്‌എന്‍എല്‍) ഡിസംബറില്‍ 1.17 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ബിഎസ്‌എന്‍എലിന്റെ മൊത്തം വരിക്കാര്‍ 11.75 കോടിയുമായി.

മൊത്തം വയര്‍ലെസ് വരിക്കാര്‍ ഡിസംബര്‍ അവസാനത്തോടെ 1,15.46 കോടിയായി താഴ്ന്നു. പ്രതിമാസ ഇടിവ് നിരക്ക് 1.1 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയില്‍ പറയുന്നു. നഗരപ്രദേശങ്ങളിലെ സജീവ വയര്‍ലെസ് വരിക്കാരുടെ എണ്ണം നവംബറിലെ 66 കോടിയില്‍ നിന്ന് ഡിസംബര്‍ അവസാനത്തില്‍ 65.52 കോടിയായി താഴ്ന്നു. ഗ്രാമീണ മേഖലകളില്‍ വയര്‍ലെസ് വരിക്കാര്‍ നവംബറിലെ 53.09 കോടിയില്‍ നിന്ന് ഡിസംബറില്‍ 52.32 കോടിയായും താഴ്ന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയര്‍ലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ ഇടിവ് നിരക്ക് യഥാക്രമം 0.74 ശതമാനവും 1.46 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ കാണിക്കുന്നു. ഡിസംബറില്‍ 8.54 ദശലക്ഷം വരിക്കാര്‍ മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റിക്കായി (എംഎന്‍പി) അപേക്ഷ സമര്‍പ്പിച്ചു. നവംബറിലെ 652.88 ദശലക്ഷത്തില്‍ നിന്ന് ഡിസംബറില്‍ 661.42 ദശലക്ഷമായി വര്‍ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!