KSDLIVENEWS

Real news for everyone

4500 ടൺ ദുരിതാശ്വാസ സാമഗ്രികളുമായുള്ള യു.എ.ഇ.യുടെ രണ്ടാമത്തെ കപ്പൽ ഈജിപ്തിലെ അൽ അരീഷ് തുറമുഖത്തെത്തി

SHARE THIS ON

അബുദാബി: യുദ്ധബാധിതർക്ക് ആശ്വാസമെത്തിക്കാനായി 4500 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യു.എ.ഇ.യുടെ രണ്ടാമത്തെ സഹായകപ്പൽ ഈജിപ്തിലെ അൽ അരീഷ് തുറമുഖത്തെത്തി. 4,303 ടൺ ഭക്ഷണം, 154 ടൺ പാർപ്പിട സാമഗ്രികൾ, 87 ടൺ ആരോഗ്യ കിറ്റുകൾ എന്നിവയുമായി ഈ മാസം മൂന്നിനാണ് ഫുജൈറ തുറമുഖത്തുനിന്ന് കപ്പൽ പുറപ്പെട്ടത്. ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് എന്നീ സംഘടനകളാണ് ദുരിതാശ്വാസ സാമഗ്രികൾ നൽകിയത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിലൂടെ ഇതുവരെ 15,700 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികൾ നൽകിയിട്ടുണ്ട്. 162 ചരക്കുവിമാനങ്ങളും അയച്ചിട്ടുണ്ട്. ഗാസയിലെ ജനതയ്ക്ക് കുടിവെള്ളം നൽകുന്നതിനായി ആറ് ജലശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്കും അർബുദ രോഗികൾക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള യു.എ.ഇ. പ്രസിഡന്റിന്റെ നിർദേശപ്രകാരം 474 – ലേറെ പലസ്തീൻ സ്വദേശികൾക്ക് യു.എ.ഇ.യിലെ വിവിധ ആശുപത്രികളിൽ ചികിത്സ നൽകിയിട്ടുണ്ട്. അതേസമയം ഗാസയിലെ യു.എ.ഇ.യുടെ ഫീൽഡ് ആശുപത്രിയിൽ 3,575 – ലേറെ രോഗികളെ ചികിത്സിച്ചിട്ടുമുണ്ട്. ഗാസ മുനമ്പിലെ ജനതയ്ക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഇമിറാത്തി മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ആശുപത്രി പ്രവർത്തിക്കുന്നത്. യുദ്ധത്തിൽ ദുരിതത്തിലായവരെ സഹായിക്കാനായി ‘കംപാഷൻ ഫോർ ഗാസ’ എന്ന കാമ്പയിനിലൂടെ ഒട്ടേറെ സഹായങ്ങളും യു.എ.ഇ. എത്തിച്ചുനൽകുന്നുണ്ട്. കൂടാതെ ഗാസയിലെ 33 വിദ്യാർഥികൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്‌സിറ്റിയിൽ സൗജന്യ പഠനത്തിനും അവസരം നൽകിയിരുന്നു. ഗാസ മുനമ്പിലെ ജനതയെ സഹായിക്കുന്നതിന് ദുരിതാശ്വാസ പദ്ധതികൾ തുടരുമെന്ന് യു.എ.ഇ. അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!