KSDLIVENEWS

Real news for everyone

നിയമപരമായി അമേരിക്കയിൽ എത്താം; എച്ച്‌ വൺബി വിസ രജിസ്ട്രേഷൻ അടുത്ത മാസം മുതൽ

SHARE THIS ON

വാഷിങ്‌ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റം സംഘർഷഭരിതമായി തുടരുന്നതിനിടെ 2026 സാമ്പത്തിക വർഷത്തേക്കുള്ള എച്ച്‌ വൺബി (H-1B) വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് 7ന് ആരംഭിക്കുമെന്ന്‌ ഫെഡറൽ ഏജൻസി അറിയിച്ചു.മാർച്ച് 24 വരെയാകും രജിസ്‌ട്രേഷൻ. അമേരിക്കയിലേക്ക്‌ പ്രൊഫഷണലുകൾക്ക്‌ നൽകുന്ന വിസയാണ്‌ എച്ച്‌വൺ ബി. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെ യുഎസിലേക്ക് ആകർഷിക്കുന്ന എച്ച്‌വൺബി വിസകളുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ എച്ച്‌വൺബി വിസയിൽ അമേരിക്കയിൽ എത്താറുണ്ട്‌. പ്രതിവർഷം 65,000 പേർക്കാണ്‌ എച്ച്‌വൺബി വിസ നൽകുന്നത്‌. യുഎസ്‌ സ്ഥാപനങ്ങളിൽനിന്ന്‌ ഉന്നത വിദ്യാഭ്യാസം നേടിയ 20,000 പേർക്കും വിസ നൽകും.

എച്ച്‌വൺ ബി വിസ എന്താണ്?

പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു കുടിയേറ്റേതര വിസയാണ് എച്ച്‌ വൺബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കാൻ കമ്പനികൾ ഈ വിസയെ ആശ്രയിക്കുന്നു.യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ആണ് ഇത്‌ കൈകാര്യം ചെയ്യുന്നത്‌. ഈ വിസയിൽ യുഎസിൽ മൂന്ന് വർഷം വരെ താമസിക്കാം. പിന്നീട്‌ മൂന്ന്‌ വർഷത്തേക്കുകൂടി നീട്ടാനുള്ള അവസരവുമുണ്ട്‌. ശേഷം വിസ ഉടമ യുഎസിൽ നിന്ന് പുറത്തുപോകുകയോ വീണ്ടും അപേക്ഷിക്കുകയോ ചെയ്യണം.

രജിസ്ട്രേഷൻ ഫീസ്

എച്ച്‌ വൺബി വിസയ്ക്കുള്ള രജിസ്ട്രേഷൻ ഫീസ് 215 യുഎസ് ഡോളറാണ്. 2026 സാമ്പത്തിക വർഷത്തിലെ എച്ച്‌ വൺബി വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് ഏഴിന് ഇന്ത്യൻ സമയം രാത്രി 10:30 മുതൽ മാർച്ച് 24 ന് രാത്രി 10:30 വരെ നടത്താമെന്ന്‌ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. ഒക്ടോബർ ഒന്നിനാണ്‌ യുഎസ് സാമ്പത്തിക വർഷം ആരംഭിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!