KSDLIVENEWS

Real news for everyone

കാസർകോട് കോടതിക്ക് 25 കോടിയുടെ ബഹുനില കെട്ടിടം: പരിമിതികളിൽനിന്ന് മോചനം; തറക്കല്ലിടൽ 21ന്, 18 മാസം കൊണ്ട് പൂർത്തിയാക്കും

SHARE THIS ON

വിദ്യാനഗർ: സ്ഥലപരിമിതിയും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും മൂലം ഏറെക്കാലമായി ബുദ്ധിമുട്ട് നേരിടുന്ന കാസർകോട് കോടതിക്ക് ആശ്വാസമായി പുതിയ ബഹുനില കോടതിസമുച്ചയം ഒരുങ്ങുന്നു.

25 കോടി രൂപ ചെലവിൽ 57,167 ചതുരശ്രയടി വിസ്തീർണത്തിൽ ആറ് നിലകളിലായി പണിയുന്ന ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടത്തിന്റെ നിർമാണം 18 മാസത്തിനകം പൂർത്തിയാക്കും.

പുതിയ കെട്ടിടം പണിയുടെ മുന്നോടിയായി 110 കെ.വി.വൈദ്യുതലൈൻ 14 ലക്ഷം രൂപയോളം ചെലവിൽ നാലുമാസം മുമ്പുതന്നെ മാറ്റിയിരുന്നു. കേസുകളുടെ വർധനയും ആളുകളുടെ തിരക്കും മൂലം വിവിധ കോടതികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ജീവനക്കാരും ജനങ്ങളും അഭിഭാഷകരും പോലീസുകാരും ഏറെ പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു. ഓഫീസുകളുടെ ഉൾവശം ഏറെയും വിവിധ ഫയലുകൾ സൂക്ഷിക്കുന്ന അലമാരകളായതിനാൽ ജീവനക്കാർക്ക് നിന്നുതിരിയാനിടമില്ലാത്ത അവസ്ഥയാണ്.

നിലവിലുള്ള കെട്ടിടത്തിൽ പ്രിൻസിപ്പൽ സെഷൻ കോടതിയും മൂന്ന് അഡീഷണൽ സെഷൻ കോടതിയും മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രിബ്യൂണലും പോക്സോ സ്പെഷ്യൽ കോടതിയും അസി. സെഷൻ കോടതിയും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും രണ്ട് മജിസ്‌ട്രേറ്റ് കോടതിയും മുൻസിഫ് കോടതിയുമാണ് പ്രവർത്തിക്കുന്നത്. പ്രിൻസിപ്പൽ സെഷൻ കോടതിയിലും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും മാത്രമാണ് അഭിഭാഷകർക്കും പൊതുജനങ്ങൾക്കും ഇരിക്കാൻ അല്പമെങ്കിലും മെച്ചപ്പെട്ട സൗകര്യമുള്ളത്. ബാർ അസോസിയേഷൻ പ്രവർത്തിക്കുന്നതും ചെറിയൊരു മുറിയിലാണ്. പൊതുജനങ്ങൾക്ക് ആവശ്യമായ ശൗചാലയങ്ങളും പരിമിതമാണ്.

ബഹുനില കെട്ടിടം വരുന്നതോടെ വിശാലമായ കോടതി മുറികൾ, ആധുനിക ഓഫീസ് സംവിധാനങ്ങൾ, അഭിഭാഷകർക്കും പൊതു ജനങ്ങൾക്കും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഒരുക്കാനാകും.

കോടതിപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും നീതിന്യായ സംവിധാനത്തിന് കൂടുതൽ ഉണർവ്‌ നൽകാനുമാകും. ചെങ്കള മാസ്തിക്കുണ്ടിലെ എം.എ.മുഹമ്മദ് ഷാഫിയാണ് കെട്ടിടത്തിന്റെ കരാറുകാരൻ. 18 മാസത്തിനകം പണി പൂർത്തിയാക്കുമെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബകോടതിക്കായുള്ള കെട്ടിടത്തിന്റെ നിർമാണവും വിദ്യാനഗറിൽ പൂർത്തിയായിവരുന്നുണ്ട്.

21-ന് രാവിലെ 10.30-ന് ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് തറക്കല്ലിടും.

പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി സാനു എസ്.പണിക്കർ അധ്യക്ഷനാകും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാൻ മുഖ്യാതിഥിയാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. തുടങ്ങിയവരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!