KSDLIVENEWS

Real news for everyone

അമേരിക്കയില്‍ ഹിപ്‌ഹോപ് സംഗീതം തരംഗമാക്കിയ ലില്‍ ജോണ്‍ ഇസ്‌ലാം സ്വീകരിച്ചു

SHARE THIS ON

വാഷിങ്ടണ്‍: യു.എസ് റാപ്പറും സംഗീതജ്ഞനുമായ ജൊനാഥൻ എച്ച്‌ സ്മിത്ത് എന്ന ലില്‍ ജോണ്‍ ഇസ്‌ലാം സ്വീകരിച്ചു. കാലിഫോർണിയയിലെ ലോസാഞ്ചലസിലുള്ള കിങ് ഫഹദ് മസ്ജിദില്‍ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കാരത്തിനുശേഷമായിരുന്നു മതംമാറ്റം. പള്ളിയിലെ ഇമാമാണ് അദ്ദേഹത്തിന് സത്യസാക്ഷ്യ വാചകം(ശഹാദ കലിമ) ചൊല്ലിക്കൊടുത്തത്. മികച്ച മെലഡി റാപ് സംഗീതത്തിന് ഗ്രാമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ സംഗീതജ്ഞനാണ് ലില്‍. 1972ല്‍ ജോർജിയയിലെ അറ്റ്‌ലാന്റയില്‍ ജനിച്ച ലില്‍ ജോണ്‍ 2000ത്തിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ തരംഗം സൃഷ്ടിച്ച ഹിപ്‌ഹോപ് സംഗീതത്തിലൂടെയാണു ശ്രദ്ധ നേടുന്നത്. ഹിപ്‌ഹോപ് സംഗീതത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍ കൂടിയായാണ് അദ്ദേഹം ഗണിക്കപ്പെടുന്നത്. ലില്‍ ജോണ്‍-ഈസ്റ്റ് സൈഡ് ബോയ്‌സിനൊപ്പം അഞ്ച് ആല്‍ബങ്ങള്‍ നിർമിച്ചിട്ടുണ്ട്. യു.എസ് റാപ്പർമാരായ പിറ്റ്ബുള്‍, ടൂ ഷോർട്ട് എന്ന ടോഡ് ആന്തണി ഷോ, ഇ-40 എന്ന ഏള്‍ ടൈവോൻ സ്റ്റീവൻസ് ജൂനിയർ എന്നിവരുടെ റെക്കോർഡ് പ്രഡ്യൂസറായും പ്രവർത്തിച്ചു. ബില്‍ബോർഡ് മാഗസിന്റെ ‘ഹോട്ട് 100’ പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി സിംഗിളുകളുടെ ഭാഗമായിട്ടുണ്ട്. സാള്‍ട്ട് ഷെയ്ക്കർ, സിലോണ്‍, ഗെറ്റ് ലോ, സ്‌നാപ് യോ ഫിംഗേഴ്‌സ്, ഡാമ്ൻ, ഫ്രീക്ക് എ ലീക്ക്, ലവേഴ്‌സ് ആൻഡ് ഫ്രണ്ട്‌സ്, ഗുഡീസ്, യഹ് ഇവയില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. സംഗീതത്തിനു പുറമെ ആൻഡ്രെ 3000 ആനിമേഷൻ സീരീസില്‍ വരുന്ന ക്ലാസ് ഓഫ് 3000, ക്രാങ്ക് യാങ്കേഴ്‌സ്, റോബോടമി, ഹെല്‍സ് കിച്ചണ്‍, ടൈനി ഹൗസ് നേഷൻ, ഹോളിവുഡ് ഉള്‍പ്പെടെ നിരവധി ടെലിവിഷൻ ഷോകളുടെയും വിവിധ വേഷങ്ങളിലെത്തി. വ്യോമയാന എഞ്ചിനീയറും മുൻ സൈനികനുമാണ് ലില്‍ ജോണിന്റെ പിതാവ്. അമ്മ സൈന്യത്തില്‍ ഡോക്ടറുമായിരുന്നു. മൂന്ന് സഹോദരങ്ങളും മാതാപിതാക്കളുടെ വഴിയേ യു.എസ് സൈന്യത്തില്‍ ചേർന്നപ്പോള്‍ ലില്‍ സംഗീതത്തിന്റെ പിന്നാലെ പോകുകയായിരുന്നു. ഹഫ്പോസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍ ഫിലിപ് ലെവിസ് ആണ് ലില്‍ ജോണിന്‍റെ മതംമാറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇത്തവണ റമദാൻ ആദ്യത്തില്‍ യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോണ്‍ കിങ്ങും ഇസ്‍ലാം സ്വീകരിച്ചിരുന്നു. ഭാര്യ റായ് കിങ്ങിനൊപ്പം യു.എസിലെ പ്രമുഖ മുസ്‍ലിം പണ്ഡിതനും പ്രഭാഷകനുമായ ഒമർ സുലൈമാന്റെ കാർമികത്വത്തിലായിരുന്നു മതംമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!