ഇറാന്റെ എണ്ണപ്പാടങ്ങളിൽ ഇനി ആക്രമണം നടത്തരുത്: ഇസ്രായേലിന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാനിലെ എണ്ണപ്പാടങ്ങളിൽ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ ട്രംപ്. ഇനി മേലിൽ ഇറാന്റെ എണ്ണപ്പാടങ്ങളിൽ ആക്രമണം നടത്തരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ആക്രമണം ഗൾഫിലുടനീളം ഇറാന്റെ ആക്രമണത്തിന് കാരണമായിരുന്നു.
ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ നേരെ ഇനി ഇസ്രായേൽ ആക്രമിക്കില്ല. അതിന്റെ പേരിൽ ഖത്തർ വാതക കേന്ദ്രങ്ങളെ ആക്രമിക്കുന്നത് ഇറാൻ നിർത്തണമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം നടത്തിയാൽ ഇറാനെതിരെ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
”ഇസ്രായേലിന്റെ സഹായത്തോടെയോ അല്ലാതെയോ, സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡ് പൂർണ്ണമായും അമേരിക്ക തകർക്കും. ഇറാൻ മുമ്പൊരിക്കലും കാണാത്തതോ അനുഭവിച്ചിട്ടില്ലാത്തതോ ആയ അത്രയും വലിയ ശക്തിയോടും കരുത്തോടും കൂടിയായിരിക്കും ആ ആക്രമണം. ഖത്തറിന്റെ എൽഎൻജി വീണ്ടും ആക്രമിക്കപ്പെട്ടാൽ, അങ്ങനെ ചെയ്യാനും ഞാൻ മടിക്കില്ല”-അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കുപടിഞ്ഞാറൻ ഇറാനിലെ പ്രകൃതിവാതക സംസ്‌കരണ കേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി രണ്ട് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ഇറാനിലെ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തതനുസരിച്ച്, സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡിലെ ഒന്നിലധികം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചിട്ടുണ്ടെന്നാണ്. ഇതിന് പിന്നാലെയാണ് ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം.

