തല’ തെറിപ്പിച്ച് കോലിയും കൂട്ടരും; ബെംഗളൂരു രാജകീയമായി പ്ലേഓഫിലേക്ക്, ചെന്നൈക്ക് മടങ്ങാം
ബെംഗളൂരു: കണക്കിലെ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരുന്നു പ്ലേഓഫ് സാധ്യത. പക്ഷേ, ഗ്രൗണ്ടിലെ കളിയില്‍ കണക്കെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തുച്ഛമായ സാധ്യതകള്‍ക്കുമേല്‍ വളരെ പ്രയോജനപ്രദമായ ബാറ്റിങ്ങും ബൗളിങ്ങും നടത്തി ഡു പ്ലെസിസും സംഘവും പ്ലേഓഫ് ചിത്രം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ ആറു മത്സരങ്ങള്‍ തോറ്റ ശേഷം, തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ ജയിച്ചുള്ള വരവ്. റോയല്‍ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും!
ടോസ് നേടിയ ചെന്നൈ ബെംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജീവന്മരണ പോരാട്ടത്തില്‍ ചെന്നൈക്കു മുന്നില്‍ ബെംഗളൂരു 219 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് ബെംഗളൂരുവിന്റെ സമ്പാദ്യം. മറുപടിയായി ചെന്നൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനേ ആയുള്ളൂ. ഇതോടെ ബെംഗളൂരുവിന് 27 റണ്‍സിന്റെ ജയവും പ്ലേഓഫ് യോഗ്യതയും. ഇടയ്ക്ക് മഴയെത്തി 40 മിനിറ്റോളം മത്സരം തടസ്സപ്പെടുത്തി. 201-ല്‍ കുറഞ്ഞ റണ്‍സിന് ചെന്നൈയെ പിടിച്ചുനിര്‍ത്തിയാല്‍ മാത്രമേ ബെംഗളൂരുവിന് പ്ലേഓഫില്‍ പ്രവേശിക്കാനാവുമായിരുന്നുള്ളൂ.
മത്സരം പലപ്പോഴും ഇരുവശങ്ങളിലേക്കും മാറിമറിഞ്ഞു. ജീവന്മരണ പോരാട്ടത്തിന്റെ വീറും വാശിയും വേണ്ടുവോളം ഗ്രൗണ്ടില്‍ കാണാനായി. വിരാട് കോലിയും (29 പന്തില്‍ 47) ഫാഫ് ഡുപ്ലെസിസും (39 പന്തില്‍ 54) ചേര്‍ന്ന് ബെംഗളൂരുവിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇടയ്ക്ക് മഴയെത്തി കളി അല്‍പം തടസ്സപ്പെടുത്തി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 42 റണ്‍സാണ് ടീം നേടിയത്. പത്താം ഓവറില്‍ സാന്റ്നറെത്തിയാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. മിച്ചലിന് ക്യാച്ച് നല്‍കി കോലി ആദ്യം മടങ്ങുന്നതിനു മുന്‍പ് നാല്നാല് സിക്സും മൂന്ന് ബൗണ്ടറിയും നേടിയിരുന്നു.
പിന്നാലെ രജത് പാട്ടിദര്‍ (23 പന്തില്‍ 41) കാമറോണ്‍ ഗ്രീന്‍ (17 പന്തില്‍ 38*) മധ്യ ഓവറുകള്‍ മുതല്‍ കളി ഏറ്റെടുത്തു. അവസാന ഓവറുകളില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെയും (6 പന്തില്‍ 14) ഗ്ലെന്‍ മാക്സ്വെലിന്റെയും (5 പന്തില്‍ 16) തകര്‍പ്പന്‍ ഇന്നിങ്സുകളും മുതല്‍ക്കൂട്ടായി.
13-ാം ഓവറില്‍ വിവാദ റണ്ണൗട്ടിലൂടെയാണ് ഡു പ്ലെസിസ് പുറത്തായത്. പാട്ടിദര്‍ അടിച്ചകറ്റിയ പന്ത് ബൗളറായ സാന്റ്നറുടെ കൈവിരലില്‍ തട്ടി സ്റ്റമ്പില്‍ കൊണ്ട്. ഈ സമയം നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍നിന്ന് റണ്ണിനായി ശ്രമിച്ച ഡു പ്ലെസിസ് തിരികെ മടങ്ങിയെങ്കിലും ബാറ്റ് ക്രീസില്‍ തൊട്ടില്ലെന്ന് തേഡ് അമ്പയര്‍ വിധിച്ചു. വലിയ വിമര്‍ശനങ്ങളോടെയാണ് ഡു പ്ലെസിസ് ക്രീസ് വിട്ടത്.