മൂന്ന് ഭൂഖണ്ഡങ്ങള്‍, 56 രാജ്യങ്ങള്‍, 212 ദിനരാത്രികള്‍; ഒരു കുടുംബത്തിന്റെ ലോകസഞ്ചാരം
212 ദിനരാത്രികള്‍, മൂന്ന് ഭൂഖണ്ഡങ്ങള്‍, 56 രാജ്യങ്ങള്‍, പരിചിതരല്ലാത്ത ആയിരത്തിലധികം മനുഷ്യര്‍, പല സംസ്‌കാരങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍. പകരംവെക്കാനില്ലാത്ത യാത്രാനുഭവങ്ങളിലൂടെ രാജ്യാതിര്‍ത്തികള്‍ കടന്ന് സ്വന്തം നാട്ടിലെത്തിയിരിക്കുകയാണ് പടന്ന സ്വദേശി മുസൈഫ് ഷാന്‍ മുഹമ്മദും കുടുംബവും. 76,000 കിലോമീറ്റര്‍ റോഡ് മാര്‍ഗമാണ് കുടുംബം സഞ്ചരിച്ചത്. കൂട്ടിന് യാത്രയ്ക്കായി രൂപമാറ്റം വരുത്തിയ കാറും.
മുസൈഫിന്റെ കുട്ടിക്കാലം മുതല്‍ യാത്രകള്‍ കൂടെയുണ്ട്. നീണ്ടകാലത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ ലോകം ചുറ്റാന്‍ തയ്യാറാകുമ്പോഴാണ് കൂട്ടിന് മാതാപിതാക്കളും വേണമെന്ന് തോന്നുന്നത്. 62-കാരനായ പിതാവ് കെ.എം.സി. മുഹമ്മദ് കുഞ്ഞിയും മാതാവ് എ.കെ. നഫീസത്തും സഹോദരി ഡോ. എ.കെ. മുനീഫയും മുനീഫയുടെ മകന്‍ ഏഴ് മാസം പ്രായമുള്ള വില്‍ദന്‍ എസ്‌ലിന്‍ ആദവും യാത്രയ്ക്ക് ഒപ്പം കൂടി.
വൈവിധ്യമാര്‍ന്ന സംസ്‌കാരവും ചരിത്രവും പ്രകൃതിയും അടുത്തറിഞ്ഞ യാത്രയില്‍ ഏറ്റവും പ്രിയപ്പെട്ടത് മൊറോക്കോയാണെന്ന് അഭിഭാഷകനായ മുസൈഫ് പറയുന്നു.
ചെറിയ വലിയ യാത്രകള്‍
മൂന്ന് ഭൂഖണ്ഡങ്ങള്‍, 55 രാജ്യങ്ങള്‍ 57,000 കിലോമീറ്റര്‍ യാത്ര എന്ന ലക്ഷ്യത്തോടെ 2023 ഒക്ടോബര്‍ അവസാനം മുംബൈയിലെ നരിമാന്‍പോയിന്റില്‍നിന്നാണ് കുടുംബം യാത്ര ആരംഭിച്ചത്. ദുബായ്, ഇറാന്‍, ഇറാഖ്, അസര്‍ബയ്ജാന്‍, അര്‍മീനിയ എന്നീ രാജ്യങ്ങള്‍ സഞ്ചരിച്ച് ജോര്‍ജിയ വഴി യൂറോപ്പിലെത്തി. സ്‌പെയിനില്‍വെച്ച് കാറിന്റെ ചില്ല് തകര്‍ത്ത് പണവും ക്യാമറയുമുള്‍പ്പെടെ 35 ലക്ഷം രൂപ മോഷണം പോയി.
യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ട് ആഫ്രിക്ക രാജ്യമായ മൊറോക്കോയും കണ്ടാണ് സംഘം റഷ്യയിലെത്തുന്നത്. റഷ്യയില്‍നിന്ന് കസാഖ്സ്താനിലേക്ക് ഇ-വിസ അനുവദിക്കാത്തത് കാരണം 2000 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവന്നു. അങ്ങനെയാണ് അപ്രതീക്ഷിതമായി അഫ്ഗാനിസ്താനിലെത്തുന്നത്. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിലൂടെയുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കി. കസാഖ്സ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, ചൈന എന്നിവ കണ്ട് നേപ്പാള്‍ വഴിയാണ് കുടുംബം 2024 മേയ് 11-ന് ഇന്ത്യയിലെത്തി.