KSDLIVENEWS

Real news for everyone

പ്രവാസി കുടുംബങ്ങളുടെ തിരിച്ചുപോക്ക് അവതാളത്തിൽ; മാനം മുട്ടെ നിരക്ക് കൂട്ടി വിമാനക്കമ്പനികൾ: ടിക്കറ്റിന് ഇരട്ടിയിലേറെ വർധന

SHARE THIS ON

അബുദാബി: നാട്ടിൽ ജൂൺ 2നു സ്കൂൾ തുറക്കാനിരിക്കെ അവധിക്കാലത്ത് യുഎഇയിലെത്തിയ പ്രവാസി കുടുംബങ്ങളുടെ തിരിച്ചുപോക്കു മുന്നിൽ കണ്ടു വിമാന കമ്പനികൾ ടിക്കറ്റു നിരക്കു കുത്തനെ കൂട്ടി. ഈ മാസം ആദ്യവാരം ഉണ്ടായിരുന്നതിനെക്കാൾ ഇരട്ടിയിലേറെയാണു നിരക്ക് വർധിപ്പിച്ചത്.

ജൂൺ ആദ്യവാരം ബലിപെരുന്നാൾ കൂടി വരുന്നതോടെ നിരക്ക് ഇനിയും വർധിക്കും. യുഎഇയിലെ മധ്യവേനൽ അവധി ജൂൺ 26ന് ആരംഭിക്കുന്നതിനാൽ ഉയർന്ന നിരക്കു കുറയണമെങ്കിൽ സെപ്റ്റംബർ പകുതി കഴിയും. അതുവരെ പ്രവാസി കുടുംബങ്ങൾക്കു നാട്ടിൽ പോയി തിരിച്ചെത്താൻ ടിക്കറ്റിനു മാത്രം ലക്ഷങ്ങൾ മാറ്റിവയ്ക്കേണ്ടി വരും.

നാട്ടിൽ മാർച്ചിൽ സ്കൂൾ അടച്ച് 2 മാസത്തെ സന്ദർശക വീസയിൽ യുഎഇയിൽ എത്തിയ കുടുംബങ്ങളാണ് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തിരിച്ചുപോക്കു തുടങ്ങിയത്. വരും ദിവസങ്ങളിൽ മടക്കയാത്രയ്ക്കു തിരക്കും നിരക്കും ഏറും. അടുത്ത രണ്ടാഴ്ചകളിൽ നാട്ടിലേക്കു നേരിട്ടുള്ള വിമാനത്തിൽ വൻ തുകയാണു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഈ മാസം ആദ്യവാരം 400 ദിർഹത്തിന് വൺവേ നാട്ടിലേക്കു കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോൾ 900 ദിർഹത്തിനു മുകളിലാണു നിരക്ക്. ബുക്ക് ചെയ്യാൻ വൈകുന്തോറും നിരക്കു കൂടി വരുന്നത് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിടിപ്പും കൂട്ടുന്നു. നാലംഗ കുടുംബത്തിനു നാട്ടിൽ പോകണമെങ്കിൽ കുറഞ്ഞതു 4000 ദിർഹമെങ്കിലും വേണ്ടിവരും.

ചില വിമാന കമ്പനികളുടെ വെബ്സൈറ്റിൽ നിരക്ക് അൽപം കുറച്ചു കാണിക്കുമെങ്കിലും വിവരങ്ങൾ നൽകി മുന്നോട്ടു പോകുമ്പോൾ 30 കിലോ ലഗേജ് വേണമെങ്കിൽ അധികമായി തുക നൽകണമെന്നും നേരിട്ടുള്ള വിമാനത്തിനു കൂടിയ നിരക്കാണെന്നും വ്യക്തമാക്കുന്നു. പത്തും ഇരുപതും മണിക്കൂർ എടുത്ത് കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ താരതമ്യേന അൽപം കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെങ്കിലും 100-200 ദിർഹത്തിന്റെ വ്യത്യാസമെ കാണൂ.

ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്നവർ മറ്റേതെങ്കിലും സെക്ടറുകൾ വഴി മണിക്കൂറുകളോളം യാത്ര ചെയ്യാൻ താൽപര്യം കാട്ടില്ലെന്നതും വിമാന കമ്പനികൾക്ക് ലാഭമാണ്. അതിനാൽ കൂടിയ തുക നൽകി യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു പലരും. മറ്റു ചില വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് ഓൺലൈൻ പരസ്യം നൽകി ജനങ്ങളെ കബളിപ്പിക്കുന്നുമുണ്ട്. കൊച്ചിയിലേക്ക് 650 ദിർഹത്തിനു യാത്ര ചെയ്യാമെന്ന പരസ്യം കണ്ട് ഉടൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തിയവർ നിരക്കു കണ്ട് ഞെട്ടി.

ജൂൺ മൂന്നാം വാരം മുതൽ ജൂലൈ രണ്ടാം വാരം വരെ വൺവേക്കു തന്നെ 2500 ദിർഹം വരെയാണ് എയർലൈനുകൾ ഈടാക്കുന്നത്. വെബ്സൈറ്റിലെ ഓഫറിനെ കുറിച്ച് എയർലൈനോട് ചോദിച്ചാൽ പീക്ക് സീസണിൽ ഈ ഓഫർ ലഭ്യമല്ലെന്ന വിവരമാണു ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!