ശൈഖ് സായിദ് ചാരിറ്റി മാരത്തണിന് ഇത്തവണ കേരളം ആതിഥ്യമരുളും ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്

സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥം യുഎഇ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാരത്തണിന് ഇത്തവണ കേരളം ആതിഥ്യമരുളും. സായിദ് ചാരിറ്റി മാരത്തൺ കേരളത്തിൽ സംഘടിപ്പിക്കാൻ, ദുബൈ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ അധികൃതർ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. ഈ വർഷം അവസാനം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാകും കേരളത്തിൽ മാരത്തൺ സംഘടിപ്പിക്കുക. 2005-ൽ ന്യൂയോർക്കിലാണ് സായിദ് ചാരിറ്റി മാരത്തൺ ആരംഭിച്ചതെന്ന് ലെഫ്റ്റനന്റ് ജനറൽ കാബി വിശദീകരിച്ചു. ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് ഈ മാരത്തണിന്റെ പ്രധാന ലക്ഷ്യം. യുഎഇയിൽ താമസിക്കുന്ന മലയാളികളുടെ എണ്ണം കൂടിയതും എമിറേറ്റികളോട് അവർ കാണിക്കുന്ന സ്‌നേഹവും വാത്സല്യവുമാണ് പരിപാടിയുടെ വേദിയായി കേരളത്തെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിൽ താമസിക്കുന്ന 3.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കേരളത്തെ തിരഞ്ഞെടുത്തതിൽ പിണറായി വിജയൻ സന്തുഷ്ടി രേഖപ്പെടുത്തി. ഈ ആഗോള പരിപാടിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭം യുഎഇയും ഇന്ത്യയും പ്രത്യേകിച്ച് യുഎഇയിൽ വലിയ പ്രവാസികളുള്ള കേരളവും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം കൂടുതൽ വർധിപ്പിക്കുമെന്ന് അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ഇത് കേരളത്തിനല്ല, രാജ്യത്തിനാകെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയുടെ സാങ്കേതികവും അനുബന്ധവുമായ വിവിധ വശങ്ങൾ ഏകോപിപ്പിക്കുന്നതിനും അന്തിമമാക്കുന്നതിനും കേരള സർക്കാർ ഒരു ഉന്നതതല സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും. ഈ പരിപാടി സംഘടിപ്പിക്കുന്നതിന്റെ വിവിധ വശങ്ങൾ ഇന്ത്യൻ എംബസി ഏകോപിപ്പിക്കും. പരിപാടി സംഘടിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും യുഎഇ അധികൃതർ വഹിക്കും. ലെഫ്റ്റനന്റ് ജനറൽ അൽ കാബി ഇക്കാര്യത്തിൽ യൂസഫലിയുടെ ശ്രമങ്ങൾക്ക് പ്രത്യേകം നന്ദി പറയുകയും യുഎഇ-ഇന്തോ ബന്ധത്തെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. സായിദ് ചാരിറ്റി മാരത്തൺ ചെയർമാൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹിലാൽ അൽ കാബി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അൽ ജുനൈബി, അഹമ്മദ് മുഹമ്മദ് അൽ കാബി, പ്രമുഖ വ്യവസായി എം എ യൂസഫലി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 20 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ സായിദ് ചാരിറ്റി മാരത്തൺ, യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദിന്റെ ബഹുമാനാർത്ഥം നടക്കുന്ന ലോകമെമ്പാടുമുള്ള മാനുഷിക ഓട്ട മത്സരമാണ്

