ചെക്ക് റിപ്പബ്ലിക്കിനെതിരേ കളത്തില്‍; ചരിത്രമെഴുതി ക്രിസ്റ്റ്യാനോയും പെപ്പെയും

ലെയ്പ്സിഗ്: യൂറോ കപ്പില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ റെക്കോഡ് നേട്ടവുമായി പോര്‍ച്ചുഗല്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെപ്പെയും.
ഏറ്റവും കൂടുതല്‍ യൂറോ കപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ച താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ആറാം യൂറോ കപ്പിനാണ് റോണോ ബൂട്ടുകെട്ടിയത്. അഞ്ച് യൂറോ കളിച്ച സ്പെയ്നിന്റെ ഈക്കര്‍ കസിയസിനെ മറികടന്നാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്. 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ കളിച്ചത്. 2024-ലേത് താരത്തിന്റെ ആറാം ടൂര്‍ണമെന്റും.
യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് താരത്തിന്റെ നേട്ടം. ഒമ്പത് ഗോളുകളുമായി മുന്‍ ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റിനിയാണ് രണ്ടാമത്. ഏഴു ഗോളുകളുമായി ഫ്രാന്‍സിന്റെ അന്റോയ്ന്‍ ഗ്രീസ്മാനും ഇംഗ്ലണ്ടിന്റെ അലന് ഷിയററും മൂന്നാമതുണ്ട്.
അതേസമയം യൂറോ കപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ പെപ്പെ സ്വന്തമാക്കിയത്. 40 വര്‍ഷവും 86 ദിവസവും പ്രായമുള്ളപ്പോള്‍ 2016-ല്‍ ബെല്‍ജിയത്തിനെതിരേ കളിക്കാനിറങ്ങിയ ഹംഗറിയുടെ ഗാബോര്‍ കിറാലിയുടെ പേരിലായിരുന്ന റെക്കോഡാണ് പെപ്പെ പഴങ്കഥയാക്കിയത്. 41 വര്‍ഷവും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് പെപ്പെ മത്സരത്തിനിറങ്ങിയിരിക്കുന്നത്.

