ലോക്ഡൗൺ ഇളവുകള്‍; ഇന്നുമുതൽ കൂടുതൽ കടകൾ തുറക്കാം

തിരുവനന്തപുരം:ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നിലവിൽവന്നതോടെ തിങ്കളാഴ്ചമുതൽ കൂടുതൽ കടകൾ തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഇലക്‌ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ചമുതൽ തുറക്കാൻ അനുമതിയുള്ളത്. തുണിക്കട, ചെരിപ്പുകട, ഫാൻസിക്കട, സ്വർണക്കട തുടങ്ങിയവയ്ക്ക് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. രോഗസ്ഥിരീകരണനിരക്ക് 10 ശതമാനം വരെയുള്ള എ, ബി. കാറ്റഗറി മേഖലകളിലാണ് തിങ്കൾമുതൽ വെള്ളി വരെ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ കടകൾ തുറക്കാൻ അനുവദിക്കുക. ബക്രീദ് പ്രമാണിച്ച്, ട്രിപ്പിൾ ലോക്ഡൗൺ മേഖലയിലുള്ള (ഡി) പ്രദേശങ്ങളിൽ തിങ്കളാഴ്ച നിയന്ത്രണങ്ങൾക്കു വിധേയമായി കടകൾ തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ കൂടാതെ തുണിക്കട, ചെരുപ്പുകട, ഇലക്‌ട്രോണിക്സ് കടകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവ തുറക്കാനാകും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ചയും കോവിഡ് അവലോകനയോഗമുണ്ട്. കൂടുതൽ ഇളവുകൾ വരുമെന്നാണു പ്രതീക്ഷ.

