കാസർകോട് നഗരത്തിൽ വഴിയോരക്കച്ചവടം വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സം; പരാതി

കാസർകോട്: പഴയ ബസ് സ്റ്റാൻഡ് എംജി റോഡിൽ നിന്നു വ്യാപാര ഭവനിലേക്ക് പോകുന്ന റോഡിലെ വഴിയോരകച്ചവടം വാഹന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസ്സമാകുന്നുവെന്ന് പരാതി. അൻപതിലേറെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകേണ്ട പാതയുടെ ഇരുഭാഗങ്ങളിലുമാണ് തെരുവോര കച്ചവടം നടക്കുന്നത്.ആയിരക്കണക്കിനു യാത്രക്കാരും നൂറുകണക്കിനു വാഹനങ്ങളുമാണു ഇതിലൂടെ പോകുന്നത്. എന്നാൽ തെരുവോര കച്ചവടം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഈ പാതയിൽ നിത്യസംഭവമാണ്. റോഡ് വീതി കൂട്ടുന്നതിനായി സ്വകാര്യവ്യക്തി കെട്ടിടം പൊളിച്ച് 3 മീറ്റർ സ്ഥലം നഗരസഭയ്ക്ക് സൗജന്യമായി വിട്ടുകൊടുത്തിരുന്നു. റോഡ് വീതി കൂട്ടിയിരുന്നുവെങ്കിലും റോഡിന് വേണ്ടി സൗജന്യമായി വിട്ട് നൽകിയ സ്ഥലം വഴിയോര കച്ചവടക്കാർ കയ്യേറിയതെന്നാണ് പരാതി. വഴിയോര കച്ചവടം മാറ്റിയാൽ നടപ്പാത സ്ഥാപിക്കാൻ ഒരുക്കമാണെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജില്ലാ പ്രസിഡന്റ് ശ്യാം പ്രസാദ് അറിയിച്ചു.