KSDLIVENEWS

Real news for everyone

ഡോക്ടര്‍മാരാണ്, പക്ഷെ ശമ്പളമില്ല: രാജിക്കൊരുങ്ങി ജനറല്‍ ആശുപത്രിയിലെ അഡ്‌ഹോക്ക് ഡോക്ടര്‍മാര്‍

SHARE THIS ON

കാസര്‍കോട്: രോഗികളുടെ തിരക്കൊഴിഞ്ഞ നേരമില്ല കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍. പനിക്കാലം കൂടിയായതോടെ പതിവിലും ഇരട്ടിയാണ് രോഗികളുടെ എണ്ണം. രോഗികള്‍ക്കുമുന്നില്‍ ഇടവേളകളില്ലാതെ വിശ്രമമില്ലാതെ ജോലിയെടുത്തിട്ടും ജനറല്‍ ആശുപത്രിയിലെ അഡ്‌ഹോക്ക് ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ല. ജനറല്‍ ഒ.പി ,പനി ഒ.പി യില്‍ രോഗികളെ പരിശോധിക്കുന്ന അഡ്‌ഹോക്ക് ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം കിട്ടിയില്ലെന്നാണ് പരാതി. ശമ്പളം മുടങ്ങിയതോടെ രാജിക്കൊരുങ്ങുകയാണ് ഡോക്ടര്‍മാര്‍.

ജില്ലയില്‍ ഏറ്റവും അധികം രോഗികള്‍ ആശ്രയിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ ക്ഷാമം രൂക്ഷമാണ്. നിരവധി തവണ ജനപ്രതിനിധികള്‍ ആവശ്യമുന്നയിച്ചിട്ടും ഇതിന് പരിഹാരമായിട്ടില്ല. ഇതിനിടെയാണ് ഉള്ള ഡോക്ടര്‍മാരും ജോലി ഉപേക്ഷിച്ചാല്‍ നിരവധി രോഗികള്‍ക്കാണ് തിരിച്ചടിയാവുക. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി എന്ന ബോര്‍ഡ് തൂക്കിയതല്ലാതെ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. ദിവസവും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് മൂലം രോഗികളും ഡോക്ടര്‍മാരു ഒരുപോലെ ദുരിതം അനുഭവിക്കുകയാണ് . രാവിലെ തുടങ്ങുന്ന രോഗികളുടെ തിരക്ക് രാത്രി വൈകിയും തുടരുകയാണ്. മഴ തുടരുന്നതിനാല്‍ അപകടത്തില്‍ പെടുന്നവരും പകര്‍ച്ചവ്യാധികളടക്കമുള്ള രോഗങ്ങള്‍ക്കും ചികിത്സ തേടിയെത്തുന്നത് ഇവിടെയാണ്.

രോഗികളുടെ എണ്ണം കൂടിയതോടെ ഒ.പി കൗണ്ടറിടക്കം കാല്‍ കുത്താന്‍ ഇടമില്ലാതെ തിരക്കാണ്. വാര്‍ഡുകളും ഐ.സി.യു വും രോഗികളെ കൊണ്ട് നിറഞ്ഞു. ബെഡ് ഒഴിവില്ലാത്തതിനാല്‍ പല രോഗികകളെയും മടക്കി അയക്കേണ്ട സാഹചര്യമാണ്. ജനറല്‍ മെഡിസിന്‍ ,ജനറല്‍ ഓര്‍ത്തോ അടക്കം നിരവധി വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. രോഗികളുടെ തിരക്ക് കൂടിയതോടെ നിലവിലുള്ള ഡോക്ടര്‍മാര്‍ തന്നെ അവധിയും വിശ്രമവും ഇല്ലാതെ ജോലി ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!