കേരളത്തിന്റെ നേട്ടങ്ങള്‍ ചിലരെ അസ്വസ്ഥരാക്കുന്നു – കേന്ദ്രമന്ത്രിക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിനെതിരെ വിമർശമുന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് കുറച്ച കേരളത്തിന്റെ കാര്യത്തിൽ അഭിമാനിക്കുന്നതിന് പകരം പലരും അസ്വസ്ഥരാകുന്നുവെന്നും അത്തരക്കാരാണ് കേരളത്തെ അപകീർത്തിപ്പെടുത്താൻ മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടത്. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ല. ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ആത്മാർഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങൾ തേടിയെത്തിയത്. അതിൽ അഭിമാനിക്കുന്നതിനു പകരം ചിലർ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നു.
ഓണക്കാലത്ത് വളരെയധികം ഇളവുകൾ അനുവദിച്ചുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. ചെറിയ ഇളവുകൾ മാത്രമാണ് . തിരക്ക് നിയന്ത്രിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ പോലീസ്പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാനും ഓണാഘോഷം നടത്താനും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയും കൺടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഓണക്കാലത്തും തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചു. ആ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് എടുത്ത കേസുകളുടെ എണ്ണവും അറസ്റ്റിലായ വ്യക്തികളുടെ എണ്ണവും പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണവും അക്കാര്യം വ്യക്തമാക്കുന്നതാണ്.
എന്നാൽ രോഗവ്യാപനം വർധിക്കാൻ ഇടയായത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ചിലർ രംഗത്തിറങ്ങി. മാസ്ക വലിച്ചെറിഞ്ഞും നിയന്ത്രണങ്ങൾ ലംഘിച്ചും സമര രംഗത്തിറങ്ങാൻ ചിലർ ആഹ്വാനം നൽകി. ഓണക്കാലത്ത് കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടായില്ല. എന്നാൽ അനാവശ്യ സമരങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേരുന്നതായിരുന്നില്ല. ആളുകൾ തിക്കിത്തിരക്കി സമരത്തിന് ഇറങ്ങുകയും പോലീസുമായി മൽപ്പിടിത്തം ഉണ്ടാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സമരത്തിന് ഇറങ്ങിയതിന്റെ ദുരന്തഫലമാണ് നാം അനുവദിക്കുന്നത്. വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനും എല്ലാം അടച്ചുപൂട്ടാനും നമുക്ക് മാത്രമായി കഴിയില്ല. എന്നാൽ കാര്യങ്ങൾ തിരിച്ചുപിടിക്കാൻ കഴിയും. കടുത്ത ജാഗ്രത പാലിച്ച് മുന്നോട്ടു പോകേണ്ടിവരും. ആ സന്ദേശമാണ് നാം ഒന്നിച്ചുനിന്ന് നൽകേണ്ടത്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശത്തെ ആ നിലയിൽ മാത്രമെ കാണേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സംസ്ഥാനത്തിനെതിരെ വിമർശം ഉന്നയിച്ചത്. നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയാൽ എന്താവും സംഭവിക്കുകയെന്ന് മറ്റുസംസ്ഥാനങ്ങൾ കേരളത്തെ നോക്കി മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

