കോവിഡ് നിയമ ലംഘനം
ജില്ലയിൽ പരിശോധന ഊര്‍ജിതമാക്കി സെക്ട്രര്‍ മജിസ്ട്രേറ്റുമാര്‍: ഇതുവരെ 1080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തദ്ദേശ സ്ഥാപന തലത്തില്‍ നിയമിതരായ സെക്ട്രര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനകള്‍ വ്യാപകമാക്കി. ഇതേ തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ 1080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ രീതിയില്‍ മാസ്ക് ധരിക്കാത്ത 74 പേര്‍ക്കെതിരെയും പൊതു സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയതിന് നാല് പേര്‍ക്കെതിരെയും നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിച്ച മൂന്ന് കടകള്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച ഏഴ് കടകള്‍ക്കെതിരെയും അടക്കം 94 കേസുകളാണ് ഇന്ന് ചാര്‍ജ് ചെയ്തത്.
റോഡുകളില്‍ തുപ്പല്, ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിക്കല്‍, നിരോധനാജ്ഞാ ലംഘനം, കണ്ടെയിന്മെന്റ് സോണില്‍ അനുമതിയില്ലാത്ത കടകള്‍ തുറക്കല്‍, കണ്ടെയിന്മെന്റ് സോണുകളില്‍ പൊതുഗതാഗത വാഹനങ്ങള്‍ ഓടിക്കല്‍ തുടങ്ങിയവയാണ് കേസുകള്‍ ചാര്‍ജ് ചെയ്ത മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരായ ഗസറ്റഡ് ഓഫീസര്‍മാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളോടെ സെക്ടര്‍ മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്. ജില്ലയില്‍ 51 സെക്ട്രറല്‍ മജിസ്ട്രേറ്റുമാരാണ് ഉള്ളത്. 38 ഗ്രാമ പഞ്ചായത്തുകളില്‍ ഓരോ അധ്യാപകരും നഗരസഭകളില്‍ നാല് വീതം അധ്യാപകരെയുമാണ് പരിശീലനം നല്കി നിയമിച്ചത്.