ഭാര്യക്ക് പാചകമറിയില്ലെന്നത് വിവാഹമോചനത്തിന് കാരണമല്ല;ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: ഭാര്യക്ക് പാചകമറിയില്ലെന്നും തനിക്ക് ഭക്ഷണം പാചകംചെയ്തു നൽകിയില്ലെന്നുമുള്ള ഭർത്താവിന്റെ വാദം വിവാഹമോചനത്തിനു മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. വിവാഹമോചന ഹർജി അനുവദിക്കാത്ത കുടുംബകോടതി ഉത്തരവിനെതിരേ തൃശ്ശൂർ സ്വദേശിയായ യുവാവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് സോഫിതോമസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യക്ക് പാചകമറിയില്ല, തന്റെ ജോലികളയാനായി വിദേശത്തുള്ള തൊഴിലുടമയ്ക്ക് കത്തെഴുതി, തന്റെ ശരീരത്തിൽ തുപ്പി, മജിസ്ട്രേറ്റിന് കോടതിയിലടക്കം പരാതി നൽകി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്. തനിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന ആരോപണം ഭാര്യ ഉന്നയിച്ചെന്നും വാദിച്ചു. എന്നാൽ, ഒന്നിച്ചുതാമസിക്കാനുള്ള ആഗ്രഹത്തിന്റെ പേരിലാണ് തൊഴിലുടമയ്ക്കടക്കം കത്തയച്ചതെന്നും മാനസികപ്രശ്നങ്ങൾക്ക് ഭർത്താവ് ചികിത്സതേടിയിട്ടുണ്ടെന്നും ഭാര്യ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹർജി തള്ളിക്കൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്

