ആശുപത്രി ആക്രമണം യുദ്ധക്കുറ്റം; ജനീവ കൺവൻഷൻ വ്യവസ്ഥകൾക്കു വിരുദ്ധം

ജനീവ: യുദ്ധമായാലും മാനുഷികാടിസ്ഥാനത്തിലുള്ള രാജ്യാന്തര നിയമങ്ങൾ പാലിച്ചു വേണമെന്നാണു ചട്ടം. രണ്ടാം ലോകയുദ്ധത്തിനു ശേഷം 1949 ൽ നടന്ന ജനീവ കൺവൻഷനുകൾ അംഗീകരിച്ച നിയമങ്ങളനുസരിച്ച് ആശുപത്രിയാക്രമണം ഗുരുതരമായ യുദ്ധക്കുറ്റമാണ്. പ്രദേശവാസികൾക്കും പരുക്കേറ്റവർക്കും തടവിലുള്ളവർക്കും യുദ്ധത്തിൽ മാനുഷികപരിഗണന നൽകണമെന്നാണ് ജനീവ കൺവൻഷൻ അംഗീകരിച്ച വ്യവസ്ഥകളിലൊന്ന്. രാജ്യങ്ങൾ തമ്മിലുള്ളതോ ഹമാസ് പോലെ രാജ്യമല്ലാത്ത കക്ഷി ഉൾപ്പെട്ടതോ ആയ സംഘർഷങ്ങളിൽ ഇതു പാലിച്ചിരിക്കണം. അൽ അഹ്‌ലി ആശുപത്രി അൽ അഹ്‌ലി അറബ് ആശുപത്രി 1882 ൽ ആണ് സ്ഥാപിച്ചത്. ആംഗ്ലിക്കൻ ചർച്ചാണ് നിയന്ത്രണം. 80 കിടക്കകളുള്ള ആശുപത്രിയിൽ സ്തനാർബുദ പരിശോധന കേന്ദ്രം, മൊബൈൽ ക്ലിനിക്, വയോധികമാരുടെ പരിചരണകേന്ദ്രം എന്നിവയുണ്ട്. ഗാസയിലെ വടക്കൻ മേഖലയിലുള്ള സീതൂനിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. പരിമിതമായ സൗകര്യങ്ങളുള്ള ഇവിടെ യുദ്ധാരംഭത്തിനു ശേഷം ധാരാളം പേർ എത്തിയിരുന്നു. പരുക്ക് പറ്റിയവരും അഭയാർഥികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും

