KSDLIVENEWS

Real news for everyone

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി കോലി; റണ്‍വേട്ടക്കാരില്‍ നാലാമത്, 26000 റണ്‍സും തികച്ചു

SHARE THIS ON

പൂണെ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കി. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് കോലി ചരിത്രം കുറിച്ചത്. മത്സരത്തില്‍ 35 റണ്‍സെടുത്തതോടെ കോലി നാലാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ ഇതിഹാസ താരം മഹേല ജയവര്‍ധനയെ മറികടന്നാണ് കോലി നാലാമതെത്തിയത്. ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരം ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 782 ഇന്നിങ്‌സുകളില്‍ നിന്നായി 34357 റണ്‍സാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. Close Player ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. 666 ഇന്നിങ്‌സുകളില്‍ നിന്ന് 28016 റണ്‍സാണ് താരം നേടിയത്. 668 ഇന്നിങ്‌സുകളില്‍ നിന്ന് 27483 റണ്‍സുള്ള ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്തുണ്ട്. 725 ഇന്നിങ്‌സുകളില്‍ നിന്ന് 25957 റണ്‍സായിരുന്നു ജയവര്‍ധനെയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതാണ് കോലി മറികടന്നത്. ഇതിനായി വെറും 567 ഇന്നിങ്‌സുകള്‍ മാത്രമാണ് കോലിയ്ക്ക് വേണ്ടിവന്നത്. നിലവില്‍ കളിക്കുന്നവരില്‍ ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള ഏക താരവും കോലിയാണ്. മത്സരത്തില്‍ കോലി പുറത്താവാതെ 103 റണ്‍സെടുത്തു. 97 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെയാണ് താരം സെഞ്ചുറി നേടിയത്. കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ 78-ാം സെഞ്ചുറിയും ഏകദിനത്തിലെ 48-ാം സെഞ്ചുറിയുമാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി 26000 റണ്‍സ് മറികടന്നു. അതിവേഗത്തില്‍ 26000 റണ്‍സ് നേടിയ താരം എന്ന റെക്കോഡും കോലി സ്വന്തമാക്കി. മത്സരത്തിലൂടെ മറ്റൊരു റെക്കോഡും കോലി സ്വന്തമാക്കി. ഐ.സി.സി ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നാം നമ്പറിലിറങ്ങി ഇന്ത്യയ്ക്ക് വേണ്ടി 1000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് കോലി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!