സിപിസിആർഐ ഉൾപ്പെടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കാസർകോട്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്ത ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപിക സചിതാ റൈയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സിപിസിആർഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണു പരാതി. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളുടെ ഗൗരവം പരിഗണിച്ചും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തതിനാലുമാണ് ജാമ്യഹർജി തള്ളിയത്. കിദൂർ പടക്കല്ലിൽ നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് കുമ്പള പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്.പിന്നീട് ബദിയടുക്കയിൽ രണ്ടും മഞ്ചേശ്വരത്ത് ഒന്നും കേസുകൾ റജിസ്റ്റർ ചെയ്തു.
കർണാടകയിലെ ചില സ്റ്റേഷനുകളിലും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർകോട് സിപിസിആർഐയിൽ ജോലി വാഗ്ദാനം ചെയ്ത് 2023 മേയ് 31 മുതൽ ഓഗസ്റ്റ് 25 വരെയുള്ള ദിവസങ്ങളിൽ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി സചിതാ റൈ പണം തട്ടിയെന്നായിരുന്നു നിഷ്മിതയുടെ പരാതി. ജല അതോറിറ്റി, എസ്ബിഐ, കർണാടക എക്‌സൈസ് വകുപ്പ് തുടങ്ങിയ ഇടങ്ങളിൽ ജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് സചിതയെ സിപിഎമ്മിൽ നിന്നു പുറത്താക്കിയിരുന്നു.

