KSDLIVENEWS

Real news for everyone

ഹമാസുകാര്‍ ആയുധംവെച്ചു കീഴടങ്ങണം, ബന്ദികളെ വിട്ടാല്‍ യുദ്ധം അവസാനിപ്പിക്കാം: നെതന്യാഹു

SHARE THIS ON

ജറുസലേം/ടെല്‍ അവീവ്: തങ്ങളുടെ നേതാവ് യഹ്യാ സിൻവാറിനെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം വധിച്ചതായി ഹമാസ് സ്ഥിരീകരിച്ചു.

എന്നാല്‍, ഒരു വർഷം മുൻപ് ഇസ്രയേലില്‍നിന്ന് ബന്ദികളാക്കിയവരെ വിട്ടയക്കില്ലെന്ന നിലപാട് അവർ ആവർത്തിച്ചു.

ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിൻവലിക്കുകയും വെടിനിർത്തല്‍ നടപ്പാക്കുകയും ചെയ്യുന്നതുവരെ ബന്ദികള്‍ തിരിച്ചുപോകില്ലെന്ന് ഖത്തറില്‍ കഴിയുന്ന ഹമാസിന്റെ ഉപനേതാവായിരുന്ന ഖലില്‍ അല്‍ ഹയ്യ പറഞ്ഞു. വെടിനിർത്തല്‍ ചർച്ചകളില്‍ ഹമാസ് സംഘത്തെ നയിച്ചുവരുന്നത് അല്‍ ഹയ്യയാണ്. സിൻവാറിനെ വീര രക്തസാക്ഷിയായാണ് ഹമാസ് പ്രസ്താവനയില്‍ ഉയർത്തിക്കാട്ടിയത്. മുന്നോട്ടുവെച്ച കാല്‍ ഒരിക്കലും പിന്നോട്ടുവെക്കാതെ, അധിനിവേശസേനയെ അണികളുടെ മുൻനിരയില്‍ നിന്ന് ആയുധം വീശിക്കൊണ്ടു നേരിട്ട നായകനാണ് സിൻവാറെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഹമാസുകാർ ആയുധംവെച്ചുകീഴടങ്ങുകയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ തൊട്ടടുത്തദിവസം യുദ്ധം നിർത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ മടക്കിക്കൊണ്ടുവരാൻ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിർത്തില്ലെന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ബന്ദികളെ കൈമാറിയാല്‍ ശേഷിക്കുന്ന ഹമാസുകാർക്ക് ജീവൻ നഷ്ടപ്പെടില്ലെന്നും മറിച്ച്‌ അവരെ മുറിവേല്‍പ്പിക്കുന്നവരെ വേട്ടയാടുമെന്ന മുന്നറിയിപ്പും നല്‍കി. സിൻവാർ രക്തസാക്ഷിയാണെന്ന് ഹമാസിനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്ന ഇറാൻ പ്രസ്താവിച്ചു.

തെക്കൻ ഗാസയിലെ റാഫയില്‍ ബുധനാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഹമാസ് തലവനും ‘2023 ഒക്ടോബർ ഏഴ്’ ആക്രമണത്തിന്റെ സൂത്രധാരനുമായ യഹ്യാ സിൻവാർ കൊല്ലപ്പെട്ടത്. മേഖലയില്‍ നിയോഗിച്ച ഇസ്രയേല്‍ സൈന്യത്തിന്റെ 828-ാം ബ്രിഗേഡാണ് ഡ്രോണ്‍ നിരീക്ഷണത്തിലൂടെ സിൻവാറിന്റെ താവളം കണ്ടെത്തിയത്. ഇസ്രയേല്‍ വധിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഹമാസ് നേതാക്കളില്‍ ശേഷിക്കുന്ന ഏകവ്യക്തിയായിരുന്നു സിൻവാർ.

ഒരു വർഷം പിന്നിട്ട ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടു. ബന്ദികളെ വിട്ടയച്ച്‌ യുദ്ധവിരാമത്തിനുള്ള വഴിയൊരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഹമാസിനോടാവശ്യപ്പെട്ടു. സിൻവാർ വധത്തോടെ ബന്ദിമോചനം എളുപ്പമാകുമെന്ന പ്രതീക്ഷ ബന്ദികളുടെ കുടുംബാംഗങ്ങള്‍ പങ്കുവെച്ചു.

അതേസമയം, യുദ്ധം അവസാനിപ്പിച്ചാല്‍ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിൻവാർ വധത്തിനുശേഷവും തീവ്രവലതു പാർട്ടികളുടെ മന്ത്രിമാരായ ഇതാമർ ബെൻഗ്വിറും ബെസലേല്‍ സ്മോട്രിച്ചും ആവർത്തിച്ചു. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേല്‍ ആക്രമിച്ച്‌ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അതില്‍ 23 വിദേശപൗരരടക്കം 101 പേരെയാണ് ഇനി മോചിപ്പിക്കാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!