ഒരു സ്ഥാനത്തേക്കുമില്ലെന്ന് മോഹൻലാല്‍: യുവതാരങ്ങള്‍ക്കും താത്പര്യമില്ല; അമ്മയില്‍ അനിശ്ചിതത്വം

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമാകാറായിട്ടും ജനറല്‍ബോഡി വിളിക്കാനോ തിരഞ്ഞെടുപ്പുനടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല.
ഇതുസംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് നിലവിലുള്ള നേതൃത്വം.
ജൂണ്‍വരെ കാവല്‍ഭരണസമിതിക്ക് തുടരാമെന്നാണ് ബൈലോയിലെ നിബന്ധനയെന്ന് ഒരു പ്രധാന ഭാരവാഹി പറഞ്ഞു. അതുവരെ സമയമുള്ളതുകൊണ്ടാണ് തിടുക്കപ്പെട്ട് ജനറല്‍ബോഡി വിളിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ജൂണ്‍വരെ ഇപ്പോഴുള്ളവർ തുടരാനാണ് സാധ്യത.
ജനറല്‍ സെക്രട്ടറി സിദ്ദിഖ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരേ ലൈംഗികാരോപണമുയർന്നതിനെ തുടർന്നാണ് ഭരണസമിതി മുഴുവൻ ഓഗസ്റ്റ് 27-ന് രാജിവെച്ചത്. രണ്ടുമാസത്തിനുള്ളില്‍ ജനറല്‍ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്. ഭരണസമിതി രാജിവെച്ചിട്ട് ഒക്ടോബർ 27 ആകുമ്ബോള്‍ രണ്ടുമാസം തികയും.
പകരക്കാരെ കണ്ടെത്താനാകാത്തതാണ് തിരഞ്ഞെടുപ്പ് വൈകുന്നതിനു കാരണമെന്നാണ് വിവരം. മുൻനിരത്താരങ്ങളാരും ഭാരവാഹികളാകാനില്ലെന്ന നിലപാടിലാണെന്നറിയുന്നു. ഇനി ഒരു സ്ഥാനത്തേക്കുമില്ലെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് മോഹൻലാല്‍ വ്യക്തമാക്കിക്കഴിഞ്ഞു. യുവതാരങ്ങളും മുന്നിലേക്കുവരാൻ ആഗ്രഹിക്കുന്നില്ല.
കാവല്‍ ഭരണസമിതിയാണെങ്കിലും സംഘടനയുടെ ക്ഷേമപദ്ധതികളെല്ലാം മുടക്കംകൂടാതെ നടക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു. അതുകൊണ്ടുതന്നെ അംഗങ്ങള്‍ക്കിടയിലും പുതിയ ഭരണസമിതിക്കായി ആവശ്യമുയർന്നിട്ടില്ല.

