ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയേക്കും
ലാപ്ടോപ്പ്, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ (പി.സി) ടാബ്ലറ്റുകള് എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ആഭ്യന്തര ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
800 കോടി മുതല്‍ 1000 കോടി ഡോളര്‍ വരെ മൂല്യമുള്ളതാണ് ഇന്ത്യയിലെ ഐടി വ്യവസായം. ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിലെ ഐടി ഹാര്ഡ്വെയര് വിപണി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നിയന്ത്രണം വലിയ ചലനം സൃഷ്ടിക്കും.
കഴിഞ്ഞ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ സമാനമായ നീക്കം നടത്തിയിരുന്നു. എന്നാല്‍ വന്‍കിട കമ്പനികളുടേയും അമേരിക്കയില്‍ നിന്നുള്ള ലോബികളില്നിന്നുമുള്ള സമ്മര്‍ദ്ദങ്ങളേയും തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷം മുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കമ്പനികള്‍ക്ക് പുതിയ നിര്‍ദേശവുമായി പൊരുത്തപ്പെടാന്‍ മതിയായ സമയം നല്കി കഴിഞ്ഞുവെന്നാണ് കേന്ദ്രവൃത്തങ്ങള്‍ പറയുന്നത്. ഒരു ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ലാപ്ടോപ്പ് ഇറക്കുമതിക്കാര്‍ക്ക് എത്ര ഉപകരണങ്ങളും കൊണ്ടുവരാന്‍ സാധിക്കും.
എച്ച്പി, ഡെല്‍, ആപ്പിള്‍, ലെനോവോ, സാംസങ് തുടങ്ങിയ കമ്പനികളാണ് ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്, നിലവില്‍ ഇന്ത്യയുടെ ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ ആവശ്യകതയുടെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാണ്.
പുതിയ നീക്കത്തില്‍ ഇറക്കുമതി പൂര്‍ണ്ണമായും തടയില്ല. ഇറക്കുമതി ചെയ്യാവുന്ന ഉപകരണങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നാണ് വിവരം.