24 മണിക്കൂര്‍ സമയം, ധിക്കരിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം; വീണ്ടും നയൻതാരക്ക് ധനുഷിന്റെ വക്കീല്‍ നോട്ടീസ്
‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ റിലീസിനു മുമ്ബേ വിവാദത്തിലായിരുന്നു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ് ആരംഭിച്ചത്.
ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. അതിനെതിരെ നടി ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തുകയും ചെയ്തിരുന്നു.
ധനുഷ് തന്നോട് പകപോക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ നയൻതാര പറഞ്ഞത്. ഇപ്പോള്‍ ഇതാ അതിന് ധനുഷിന്റെ ഭാഗത്തുനിന്ന് മറുപടി വന്നിരിക്കുകയാണ്. ധനുഷിന്റെ അഭിഭാഷകൻ അയച്ച വക്കീല്‍ നോട്ടീസിന്റെ രൂപത്തിലാണ് മറുപടി.
നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് പുതിയ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഇല്ലെങ്കില്‍ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു.
ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഡോക്യൂമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ വക്കീല്‍ മറുപടി നല്‍കുന്നുണ്ട്.
“എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
ഇപ്പോള്‍ ധനുഷിന്റെ വക്കീല്‍ അയച്ച പുതിയ നോട്ടീസും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. ഇരുവർക്കുമെതിരെ വിമർശനവും പിന്തുണയും ഒരു പോലെ ഉയരുന്നുണ്ട്.