ഷെയ്ഖ് ഹസീനയുടെ കൈമാറ്റം; ഇന്റർപോളിനെ സമീപിക്കാനൊരുങ്ങി ബംഗ്ലദേശ്, അനുകൂലമായി പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഇന്ത്യയിൽ നിന്ന് കൈമാറുന്നതിന് ഇന്റർപോളിനെ സമീപിക്കാൻ ബംഗ്ലദേശ് ഒരുങ്ങുന്നു. ഹസീന സർക്കാരിനെതിരായ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ പൊലീസ് നടപടികളുടെ പേരിൽ വധശിക്ഷയ്ക്കു വിധിച്ച ഇരുവരെയും കൈമാറണമെന്ന് ബംഗ്ലദേശ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യം വിട്ട ഹസീന ഇന്ത്യയിലാണ് അഭയം തേടിയത്.
രാജ്യാന്തര കുറ്റവിചാരണ ട്രൈബ്യൂണൽ വധശിക്ഷയ്ക്കു വിധിച്ചെങ്കിലും ഹസീനയെ ഇന്ത്യ ഉടൻ കൈമാറാൻ സാധ്യതയില്ല. കുറ്റവാളികളെ കൈമാറാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഹസീനയെ കൈമാറണമെന്നാണ് ബംഗ്ലദേശിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം തള്ളിക്കളയാനുള്ള അധികാരം കരാറിലെ വ്യവസ്ഥകളിലുണ്ടെന്നു വിദഗ്ധർ പറയുന്നു.
പ്രക്ഷോഭത്തിലൂടെ ഹസീനയെ പുറത്താക്കുകയും മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ അധികാരത്തിൽ വരികയും ചെയ്ത സാഹചര്യത്തിൽ ഹസീനയ്ക്കെതിരായ ശിക്ഷ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു വാദിക്കാനാകും. വിധി സദുദ്ദേശ്യത്തോടെയാണെന്നു തെളിയിക്കേണ്ട ബാധ്യത ഇടക്കാല സർക്കാരിനാകും. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കരുതെന്ന് ബംഗ്ലദേശ് മാധ്യമങ്ങളോട് ഇടക്കാല സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

