ചില കാര്യങ്ങളിൽ ആവേശപൂർവം അഭിപ്രായം പറയുന്ന മതനേതൃത്വം ഷഹന ജീവനൊടുക്കിയപ്പോൾ മൗനംപാലിച്ചു- സ്പീക്കർ

കണ്ണൂർ: ഡോ. ഷഹന സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയപ്പോൾ കേരളത്തിലെ മതനേതൃത്വം കുറ്റകരമായ മൗനംപാലിച്ചെന്ന് സ്പീക്കർ എ.എൻ. ഷംസീർ ആരോപിച്ചു. ലോക ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലകാര്യങ്ങളിൽ ആവേശപൂർവം അഭിപ്രായം പറഞ്ഞ മതനേതൃത്വം ഷഹന ജീവിതം അവസാനിപ്പിച്ചപ്പോൾ മൗനംപാലിച്ചത് എന്തുകൊണ്ടെന്ന് ചർച്ചചെയ്യണം. ഇതുപറഞ്ഞതിന് എന്റെ പുറത്തുകയറേണ്ട. ചില സത്യങ്ങൾ വിളിച്ചുപറയുമ്പോൾ വേട്ടയാടപ്പെട്ടിട്ടുണ്ട്.
ഇസ്‌ലാം നിഷിദ്ധമാക്കിയതാണ് സ്ത്രീധനം. ഇസ്‌ലാമിൽ മഹർ പെൺകുട്ടിക്കാണ് നൽകേണ്ടത്. എന്നാൽ പുരുഷന് 150 പവനും 15 ലക്ഷംരൂപയും ബെൻസ് കാറും നൽകും. ഇത്തരം തെറ്റായ ശീലമുണ്ടാകുമ്പോൾ എല്ലാമതവിഭാഗത്തിൽനിന്നും ശക്തമായ അഭിപ്രായമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം ചോദിച്ചുവരുന്നവരോട് പറ്റില്ലെന്നുതന്നെ പറയണം. ന്യൂനപക്ഷവിഭാഗത്തിൽ സ്ത്രീധനത്തിനെതിരായ പ്രചാരണം ഉയർന്നുവരണം.
അഡ്വ. എ.എ. റഷീദ് അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ അരുൺ കെ. വിജയൻ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഫാ. ജോസഫ് കാവനാടിയിൽ, എ.കെ. അബ്ദുൾ ബാഖി, ഫാ. മാർട്ടിൻ രായപ്പൻ, ജോസഫ് എസ്. ഡാനിയേൽ, എം.കെ. ഹമീദ്, ഡോ. സുൾഫിക്കർ അലി, പാസ്റ്റർ കുര്യൻ ഈപ്പൻ, കെ.വി. ഷംസുദ്ദീൻ, വി.ടി. ബീന, സി.കെ. അബ്ദുൾ ജബ്ബാർ എന്നിവർ സംസാരിച്ചു.

