ഐപിഎല്‍ മിനി ലേലം ഇന്ന് ദുബായില്‍; ഇന്ത്യയ്ക്ക് പുറത്ത് ലേലം ഇതാദ്യം

ദുബായ്: ക്രിക്കറ്റിലെ മറ്റൊരു പോരാട്ടത്തിന് തുടക്കമാകുന്നു. അതിനു മുന്നോടിയായി താരങ്ങള്‍ക്കുവേണ്ടിയുള്ള മത്സരത്തിന് വേദി ഒരുങ്ങി. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം ചൊവ്വാഴ്ച ദുബായില്‍ നടക്കും. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലേലം തുടങ്ങും.
ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്. ഇക്കുറി മിനി ലേലമാണെങ്കിലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ഏകദിന ലോകകപ്പ് ഫൈനലിലെ താരം ട്രാവിസ് ഹെഡ്, ന്യൂസീലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ശ്രദ്ധേയപേരുകള്‍ ലേലത്തിനുണ്ട്. എല്ലാ ടീമുകള്‍ക്കുമായി ആകെ 262.95 കോടി രൂപ ചെലവഴിക്കാം.
കൂടുതല്‍ തുക കൈയിലുളള്ള ടീം ഗുജറാത്ത് ടൈറ്റന്‍സാണ്, 38.15 കോടി രൂപ. കുറഞ്ഞ തുക കൈവശമുള്ളത് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനും (13.15 കോടി).
ആകെ 333 കളിക്കാരാണ് ലേലത്തിന് പരിഗണനയിലുള്ളത്. ഇതില്‍ 214 ഇന്ത്യക്കാരുണ്ട്. എല്ലാ ടീമുകള്‍ക്കുമായി ആകെ 77 കളിക്കാരെ ടീമിലെത്തിക്കാം. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമ ആപ്പിലും ലേലം തത്സമയം കാണിക്കും. അടുത്ത ഐ.പി.എല്‍. മാര്‍ച്ച് 22ന് തുടങ്ങുമെന്നാണ് സൂചന.
2022-ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ടു ടീമുകള്‍ പുതുതായി ഐ.പി.എലില്‍ എത്തിയപ്പോള്‍ താരങ്ങള്‍ക്കുവേണ്ടി മെഗാ ലേലം നടന്നിരുന്നു. മൂന്നുവര്‍ഷത്തെ കരാറിലാണ് അന്ന് കളിക്കാരെ എടുത്തത്. ഇതിനിടെ, ടീം വിടുകയും ടീമുകള്‍ ഒഴിവാക്കുകയും ചെയ്ത കളിക്കാര്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള അവസരമാണ് മിനി ലേലം. ഇതിനിടെ, ഓരോ ടീമിനും കളിക്കാര്‍ക്കായി ചെലവഴിക്കാവുന്ന ആകെ തുക 100 കോടിയായി ഉയര്‍ത്തിയിരുന്നു. ഇങ്ങനെ അവശേഷിക്കുന്ന തുക മിനി ലേലത്തില്‍ ചെലവിടാം. 2025 സീസണിനു മുന്നോടിയായി അടുത്തവര്‍ഷം മെഗാ ലേലം നടക്കും.
കോടിപതികള്‍
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഇംഗ്ലിസ്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ അടിസ്ഥാനവില രണ്ടുകോടി രൂപയാണ്.
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ക്രിസ് വോക്സ്, ആദില്‍ റഷീദ്, ന്യൂസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍, ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കൂറ്റ്സെ, ഇന്ത്യയുടെ ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും രണ്ടുകോടി അടിസ്ഥാനവിലയുണ്ട്.