ഡോളറിനെതിരെ രൂപക്ക് റെക്കോഡ് തകർച്ച: രൂപയുടെ മൂല്യം 85 പിന്നിട്ടു; ചരിത്രത്തിൽ ഇതാദ്യം
ന്യൂഡൽഹി: ഡോളറിനെതിരെ രൂപക്ക് റെക്കോഡ് തകർച്ച. രൂപയുടെ മൂല്യം 85 പിന്നിട്ടു. ചരിത്രത്തിൽ ഇതാദ്യമായാണ് രൂപയുടെ മൂല്യം 85 പിന്നിടുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ 25 ബേസിക്സ് പോയിന്റിന്റെ കുറവ് വരുത്തിയതോടെയാണ് രൂപയുടെ മൂല്യത്തിൽ വലിയ തകർച്ചയുണ്ടായത്.
ഡോളറിനെതിരെ രൂപ 85.06ലാണ് വ്യാഴാഴ്ച വ്യാപാരം തുടങ്ങിയത്. ബുധനാഴ്ച 84.95ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് മാസം കൊണ്ടാണ് രൂപയുടെ മൂല്യം 84ൽ നിന്നും 85ലേക്ക് ഇടിഞ്ഞത്. 83ൽ നിന്നും 84ലേക്ക് രൂപയുടെ മൂല്യം ഇടിയാൻ 14 മാസം എടുത്തിരുന്നു. പത്ത് മാസം കൊണ്ടാണ് രൂപയുടെ മൂല്യം 82ൽ നിന്നും 83ലേക്ക് ഇടിഞ്ഞത്.
രൂപയുടെ തകർച്ച ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് ഏഷ്യൻ കറൻസികളും കടുത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ്. കൊറിയൻ വൺ, മലേഷ്യൻ റിങ്കിറ്റ്, ഇന്തോനേഷ്യൻ റുപിയ എന്നിവ 0.8 ശതമാനം മുതൽ1.2 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഫെഡറൽ റിസർവ് വായ്പ പലിശനിരക്ക് കുറച്ചതോടെ വിവിധ കറൻസികളിൽ വിൽപന സമ്മർദം ശക്തമാണ്.
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുറവുണ്ടായി. ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. പവന്റെ വില 56,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7070 രൂപയായും ഇടിഞ്ഞു. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചതിന് പിന്നാലെയാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്.
അതേസമയം, ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത നഷ്ടം രേഖപ്പെടുത്തി. 25 ബേസിക് പോയിന്റ് കുറവാണ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തിയത്. ഇതിന് പിന്നാലെ ബോംബെ സൂചികയായ സെൻസെക്സ് 925.1 പോയിന്റ് ഇടിഞ്ഞ് 79,256.59ലെത്തി. നിഫ്റ്റി 309 പോയിന്റ് ഇടിഞ്ഞ് 23,889 പോയിന്റിലെത്തി.