ബെംഗളൂരു-കോഴിക്കോട് സ്വിഫ്റ്റ് ബസ് കത്തിനശിച്ചു: സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം

മൈസൂരു: നഞ്ചൻകോട് വെച്ച് കെഎസ്ആർടിസി ബസിന് തീപ്പിടിച്ച് കത്തിനശിച്ചു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആളപായമില്ല.
വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് ബസ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. നഞ്ചൻകോട് എത്തിയപ്പോൾ ബസിൽനിന്ന് പുക ഉയരുന്നത് ഡ്രൈവറുടേയും ക്ലീനറുടേയും ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ യാത്രക്കാരെ പുറത്തിറക്കി.
44 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. പുലർച്ചെ ആയിരുന്നതിനാൽ എല്ലാവരും ഉറക്കത്തിലായിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരുടെ കുറച്ച് ലഗേജുകൾ പുറത്തേക്ക് മാറ്റി. എന്നാൽ, ചിലരുടെ ഫോൺ, പാസ്പോർട്ട് തുടങ്ങിയപ്രധാനപ്പെട്ട പലരേഖകളും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം.

