KSDLIVENEWS

Real news for everyone

ട്രോളര്‍ കരാര്‍: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

SHARE THIS ON

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് അതൃപ്തി അറിയിച്ചു. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും വകുപ്പ് ഒരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ മുഖ്യമന്ത്രിക്ക് കീഴിൽ വരുന്നതാണ്. പദ്ധതിക്ക് നാല് ഏക്കർ ഭൂമി നൽകിയത് വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്രയാണ്. ഫിഷറീസ് വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ല. ആരോപണം ഫിഷറീസ് വകുപ്പിലേക്ക് തിരിച്ചുവിടാൻ ബോധപൂർവ്വ ശ്രമമുണ്ടായെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ട്രോളറുകൾ നിർമിക്കുന്നതിന് വ്യവസായികാടിസ്ഥാനത്തിലാണ് കരാറെന്നും ആഴക്കടൽ മത്സ്യബന്ധനം ഇതിൽ ഉൾപ്പെടുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. താനാണ് കരാറിന് പിന്നിലെന്ന പ്രതീതി സമൂഹത്തിലുണ്ടെന്നും ഇക്കാര്യത്തിൽ ഒരു വ്യക്തത വേണമെന്നുമാണ് മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്ക് നേരെയുള്ള ആരോപണത്തിനു പിന്നിൽ വ്യവസായവകുപ്പാണെന്ന നിഗമനത്തിലാണ് മന്ത്രി.

കരാറിൽ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ഈ മാസം 27-ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!