ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്നിറങ്ങുന്നു; ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉച്ചയ്ക്ക് 2.30 മുതല്‍

ദുബായ്: ട്വന്റി 20 ക്രിക്കറ്റിൽ നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യ, ഏകദിനത്തിലും സുപ്രധാന കിരീടം ലക്ഷ്യമിട്ട് യാത്രതുടങ്ങുന്നു. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് എ-യിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് തുടങ്ങും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഒടുവിൽനടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ പാകിസ്താനോട് തോൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടും തോറ്റു. 2013-ലെ ചാമ്പ്യൻസ് ട്രോഫി കിരീടമാണ് ഏകദിനത്തിൽ ഇന്ത്യയുടെ അവസാനത്തെ പ്രധാനനേട്ടം. രോഹിത് ശർമയുടെ അവസാന ടൂർണമെന്റാകുമെന്നു കരുതുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കിരീടംനേടി ക്യാപ്റ്റനെ സന്തോഷത്തോടെ യാത്രയാക്കാൻ താരങ്ങളെല്ലാം പരമാവധി ഉത്സാഹിക്കുമെന്നുറപ്പ്.
ടീം എങ്ങനെ
2023 നവംബറിൽ സമാപിച്ച ഏകദിന ലോകകപ്പിനുശേഷം ഇന്ത്യ ഒൻപത് ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂ. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 3-0ത്തിന് ജയിച്ചതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ആ പരമ്പരയിലെ പ്രകടനം ടീം തിരഞ്ഞെടുപ്പിൽ പ്രധാനമാകും. ഓപ്പണിങ്ങിൽ രോഹിത് ശർമ-ശുഭ്മാൻ ഗിൽ സഖ്യംതന്നെയാകും. തുടർന്ന് വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരുണ്ടാകും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരേ വിക്കറ്റുകാത്ത കെ.എൽ. രാഹുലിനുതന്നെയാണ് കൂടുതൽ സാധ്യത. സ്പിന്നർമാരായ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, പേസർ ഹാർദിക് പാണ്ഡ്യ എന്നീ മൂന്ന് ഓൾറൗണ്ടർമാരെയും കളിപ്പിച്ചേക്കും. ദുബായിലെ പിച്ചിൽ സ്പിന്നിന് നേരിയ മുൻതൂക്കമുണ്ടാകുമെന്ന് കരുതുന്നതിനാൽ പ്രത്യേകിച്ചും.
ജസ്പ്രീത് ബുംറ പരിക്കേറ്റ് പിന്മാറിയ സാഹചര്യത്തിൽ മുഹമ്മദ് ഷമിക്കൊപ്പം മറ്റൊരു പേസ് ബൗളറായി ആരാണെന്നതിൽ സംശയമുണ്ട്. ഇടംകൈയനായ അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരിലൊരാളായിരിക്കും ഇലവനിലുണ്ടാവുക. നജ്മുൽ ഹൊസൈൻ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമിൽ സൗമ്യ സർക്കാർ, മുഷ്ഫിഖർ റഹിം, തൻസീദ് ഹസൻ, മെഹ്ദി ഹസൻ മിറാസ്, മുസ്താഫിസുർ റഹ്മാൻ, ടസ്കിൻ അഹമ്മദ് തുടങ്ങി പരിചയസമ്പന്നരായ ഒരുപിടി താരങ്ങളുണ്ട്.
ഇന്ത്യ x ബംഗ്ലാദേശ് ഏകദിനം
മത്സരം: 41
ഇന്ത്യ ജയിച്ചത്: 32
ബംഗ്ലാദേശ് ജയിച്ചത്: 8
ഫലമില്ലാത്തത്: 1
കൂടുതൽ റൺസ്: വിരാട് കോലി 910 (16 മത്സരം, അഞ്ചു സെഞ്ചുറി)
ഉയർന്ന സ്കോർ: ഇഷാൻ കിഷൻ (ഇന്ത്യ): 210
കൂടുതൽ സിക്സ്: രോഹിത് ശർമ (27)
കൂടുതൽ വിക്കറ്റ്: ഷാകിബ് അൽ ഹസ്സൻ (ബംഗ്ലാദേശ്)-29
ചാമ്പ്യൻസ് ട്രോഫിയിൽ
മത്സരം: 1 (2017)
ഇന്ത്യ ജയിച്ചത്: 1

