മുഖ്യമന്ത്രിക്ക് മുട്ടുവേദന, 1.62 കോടിയുടെ ടൊയോട്ട വെല്‍ഫെയര്‍ വാങ്ങാൻ തീരുമാനം? ടെസ്റ്റ് ഡ്രൈവും നടത്തി

മന്ത്രിമാർ അടിക്കടി വാഹനങ്ങള്‍ മാറുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. പ്രത്യേകിച്ച് കേരളത്തിലാണ് ഇത് സംസാര വിഷയമാവാറുള്ളത്.
നമ്മുടെ സ്വന്തം മുഖ്യമന്ത്രി ടൊയോട്ട ഇന്നോവ ഉപേക്ഷിച്ച് കിയ കാർണിവല്‍ എന്ന പ്രീമിയം വാഹനത്തിലേക്ക് ഔദ്യോഗിക യാത്രകള്‍ മാറ്റിയതെല്ലാം വലിയ വാർത്തയായിരുന്നു. അത്യാഡംബര സൌകര്യങ്ങളും ഫീച്ചറുകളും യാത്രാ സുഖവും സുരക്ഷയുമുള്ള എംപിവിയാണ് ഇപ്പോള്‍ സഖാവ് പിണറായി വിജയനുള്ളത്. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് മുട്ടുവേദന കാരണം യാത്രകള്‍ ടൊയോട്ട വെല്‍ഫയർ എന്ന ആഡംബര എംപിവിയിലേക്ക് മാറാൻ പോവുകയാണെന്നതാണ് പുതിയ വാർത്ത.
എന്നാല്‍ നമ്മുടെ കേരളത്തിന്റെ മുഖ്യനല്ല കേട്ടോ, അയല്‍ സംസ്ഥാനമായ കർണാടകയിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയാണ് ഔദ്യോഗിക യാത്രകള്‍ക്കായി പുത്തൻ ആഡംബര കാർ വാങ്ങാൻ ഒരുങ്ങുന്നത്. കാല്‍മുട്ട് വേദന അനുഭവിക്കുന്ന സിദ്ധരാമയ്യ പുതിയ കാർ വാങ്ങാൻ ഒരുങ്ങുന്നതായുള്ള വാർത്തകള്‍ കന്നഡ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മുഖ്യമന്ത്രി നിലവില്‍ ഉപയോഗിക്കുന്ന സർക്കാർ കാറില്‍ കയറാനോ ഇറങ്ങാനോ കഴിയാത്തതിനാലാണ് പുതിയ ടൊയോട്ട വെല്‍ഫയർ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി സിദ്ധരാമയ്യ ടൊയോട്ട വെല്‍ഫയർ എംപിവി ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്‌തു. പക്ഷേ വാഹനം ഓടിച്ച് നോക്കുകയല്ല, പകരം പിൻസീറ്റിലിരുന്ന് യാത്ര ആസ്വദിക്കുകയും കയറാനും ഇറങ്ങാനും എളുപ്പമാണോയെന്നുമാണ് കർണാടക മുഖ്യമന്ത്രി പരീക്ഷിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി വിധാൻ സൗധയില്‍ എത്തിയ സിദ്ധരാമയ്യ ടൊയോട്ട വെല്‍ഫയർ പരീക്ഷണ കാറില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.
അസുഖം കാരണം നിലവിലെ സർക്കാർ വാഹനത്തില്‍ യാത്ര ചെയ്യാൻ അല്‍പ്പം ബുദ്ധിമുട്ടാണ്. കാറില്‍ കയറാനും ഇറങ്ങാനും അദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടി വരുന്നുണ്ട്. ഇത് കാല്‍മുട്ട് വേദന വർധിപ്പിക്കുന്നതിനും കാരണമായി. ഇക്കാരണത്താല്‍ അടുത്ത സുഹൃത്തുക്കളാണ് പുതിയ കാർ വാങ്ങാൻ ഉപദേശിച്ചത്. ഇപ്പോള്‍ കർണാടകയുടെ മുഖ്യന്റെ ഔദ്യോഗിക വാഹനം ടൊയോട്ടയുടെ തന്നെ ഫോർച്യൂണർ എസ്‌യുവിയാണ്.
എസ‌്‌യുവിയായതിനാല്‍ തന്നെ നല്ല ഉയരമുള്ള വാഹനത്തില്‍ പ്രായമായവർക്ക് കയറാനും ഇറങ്ങാനും അല്‍പം ബുദ്ധിമുട്ടാണ്. കാല്‍മുട്ട് വേദന അനുഭവിക്കുന്ന സിദ്ധരാമയ്യക്ക് ഫോർച്യൂണറിലേക്കുള്ള കയറ്റം എന്തായാലും ദുഷ്ക്കരമായിരിക്കുമെന്ന് ഊഹിക്കാല്ലോ. ഈ സാഹചര്യത്തില്‍ വാഹനം മാറുന്നത് തന്നെയാണ് ഉചിതം. വെല്‍ഫയർ എംപിവിയാവുമ്ബോള്‍ യാത്രകളും അടിപൊളിയാവും.
വെല്‍ഫയറിന് സീറ്റ് ഡിസൈനും അപ്ഹോള്‍സ്റ്ററിയും പുതിയ കാലത്തിനൊത്തതാണ്. മധ്യ നിരയില്‍ സുഖപ്രദമായ ക്യാപ്റ്റൻ സീറ്റുകളുള്ളതിനാല്‍ യാത്രാ സുഖം ഗംഭീരമായിരിക്കും. സീറ്റുകള്‍ക്ക് വെന്റിലേറ്റഡ്, ഹീറ്റഡ് ഫങ്ഷനുകള്‍, മടക്കാനാവുന്ന ടേബിളുകള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, എട്ട് തരത്തില്‍ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, അറുപതിലധികം ഫീച്ചറുകളുള്ള കണക്റ്റഡ് കാർ ഫീച്ചറുകള്‍ എന്നിവയെല്ലാം ഈ ആഡംബര വാഹനത്തിലുണ്ട്.
ഡിജിറ്റല്‍ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ,ഇലക്‌ട്രിക്കലായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍, രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാർക്ക് ഇലക്‌ട്രിക് വിൻഡോ കർട്ടനുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ആറ് എയർബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാർക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടൊയോട്ട സേഫ്റ്റി സെൻസ് ADAS എന്നിവയാണ് വെല്‍ഫയറിന്റെ സുരക്ഷക്കായി എത്തിയിരിക്കുന്നത്.
1.62 കോടി രൂപയോളമാണ് ടൊയോട്ടയുടെ ഈ ആഡംബര മള്‍ട്ടി പർപ്പസ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന വില. 193 bhp കരുത്തില്‍ 240 Nm torque ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് വെല്‍ഫയറിന്റെ ഹൃദയം. ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എംപിവിക്ക് 19.28 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്ബനി പറയുന്നുണ്ട്.